കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്; മർദിച്ച് കൊന്നത് മകൻ

Update: 2024-05-09 07:36 GMT

കോഴിക്കോട് എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ അക്ഷയ് ദേവ്(28) പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയിൽ മകൻ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ദേവദാസിന്റെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു.

തുടർന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് മകൻ അച്ഛനെ മർദിക്കുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മർദനമാണ് മരണകാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയായ അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags:    

Similar News