ടി.പി വധക്കേസ് പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ തെറ്റില്ല; ഇ.പി ജയരാജൻ

Update: 2024-02-29 10:43 GMT

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഷംസീർ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ജയരാജൻ, അദ്ദേഹത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. 2017-ൽ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിൽ അന്ന് എംഎൽഎ ആയിരുന്ന ഷംസീർ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

ഒരാൾ കുറ്റം ആരോപിച്ച് ജയിലിൽ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്‌കരിക്കുകയാണോ ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ വീട്ടിൽ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ. ഷംസീർ ചെയ്തതിൽ എന്താ തെറ്റ്? ജയരാജൻ ചോദിച്ചു.

നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലർ ചില കേസിൽ പെട്ടിട്ടുണ്ടാകും. ആ വീട്ടിൽ ഉള്ള എല്ലാവരും ആ കേസിൽപ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തിൽപ്പെട്ടവർ ആയാലും സാമൂഹിക പ്രശ്‌നങ്ങളിൽനിന്ന് മാറിനിൽക്കാറില്ല. വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങളൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News