ബാലചന്ദ്രമേനോന്‍റെ പരാതിയിൽ നടിക്കെതിരെ കേസ്; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോൻ്റെ പരാതി. ബാലചന്ദ്രമേനോൻ്റെ ചിത്രങ്ങൾ പ്രതികൾ ദുരുപയോഗം ചെയ്‌തെന്ന് പോലീസ് പറയുന്നു. നടിയുടെ അഭിമുഖം അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.