ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അർബുദബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂർ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവർത്തകരിൽ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്.
ദളിത് യുവതിയായിരുന്നതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴിൽ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്. അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവർത്തകരിൽ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടെോ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.
രണ്ട് സംഭവങ്ങൾക്ക് പിന്നിലും സിഐടിയു - സിപിഎം പ്രവർത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഇവരും കുടുംബവും സമരവും നടത്തിയിരുന്നു. കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് കാൻസറിൻ്റെ പിടിയിൽപ്പെട്ട് ആശുപത്രിയിലാവുന്നത്. പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്.