വാവ സുരേഷിനെ എല്ലാവർക്കും അറിയാം. പാമ്പ് പിടിത്തത്തിലൂടെ ലോകപ്രശസ്തിയാർജിച്ച സ്നേക്ക് മാസ്റ്റർ ആണ് വാവ സുരേഷ്. അദ്ദേഹം ആദ്യമായി പാമ്പ് പിടിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ്...
"ഓർമയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ല. ദാരിദ്രവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളർന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളിൽ മൂന്നാമനായാണ് എന്റെ ജനനം. ആർമി ഓഫിസറായി രാജ്യത്തിനുവേണ്ടി ജീവിക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. സാഹചര്യം മോശമായതിനാൽ ഏഴാം ക്ലാസ് മുതൽ പഠനത്തോടൊപ്പം കൂലിപ്പണിക്കു പോയി തുടങ്ങി.
സ്കൂളിൽ പോകും വഴി പാടവരന്പത്തും പറമ്പിലുമൊക്കെ പാമ്പുകളെ കണ്ടിട്ടുണ്ട്. എല്ലാവരും പാമ്പിനെ പേടിയോടെ നോക്കി കണ്ടപ്പോൾ എനിക്ക് അതിനോട് എന്തോ ഒരു കൗതുകം തോന്നി. ഒരിക്കൽ സ്കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി ഞാനൊരു മൂർഖൻ പാമ്പിനെ പിടിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസേ ഉണ്ടായിരുന്നുളളൂ.
ഞാനതിനെ ചില്ലുകുപ്പിയിലാക്കി വീട്ടിൽ കൊണ്ടുവന്നു. വീട്ടിൽ വന്നുകയറിയപ്പോൾ ആകെ പ്രശ്നമായി. പാമ്പിനെയും കൊണ്ടു വീട്ടിൽ കയറാൻ അമ്മ സമ്മതിച്ചില്ല. എല്ലാവരും വഴക്കു പറഞ്ഞതിനെത്തുടർന്നു വീടിനു കുറച്ചുമാറി ഞാനതിനെ തുറന്നുവിട്ടു. എങ്കിലും സ്കൂളിൽ പോകും വഴി ആരുമറിയാതെ പിന്നെയും പലവട്ടം പാമ്പുകളെ പിടിച്ചു. സാമ്പത്തികം വലിയൊരു പ്രശ്നമായപ്പോൾ പഠനം ഉപേക്ഷിച്ചു കൂലിപ്പണിക്കു പോകേണ്ടിവന്നു. ഒപ്പം പാമ്പികളെ പിടിക്കാനും തുടങ്ങി.
എതിർത്തിട്ടു കാര്യമില്ലെന്ന് മനസിലാക്കിയ വീട്ടുകാർ പിന്നീട് എന്നെ തടഞ്ഞില്ല. ആദ്യകാലത്ത് അതെന്റെ ഗ്രാമത്തിൽ മാത്രം ഒതുങ്ങി നിന്നു. ഇതിനിടയിൽ മേസ്തിരിയായി ജോലി ചെയ്തു. അതിനുശേഷം കോണ്ട്രാക്ടറായി. ജോലി ഭാരം കൂടിയതോടെ പാമ്പിനെ പിടിക്കാൻ സമയം ലഭിക്കാതെയായി. അതോടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഈ പ്രവർത്തനത്തിനായി മാറ്റിവച്ചു'- വാവ സുരേഷ് പറഞ്ഞു.age 12 when first cobra caught wow suresh for sharing