ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നിലച്ചു; ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു

Update: 2024-08-02 09:23 GMT

ഷിരൂരിൽ കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും അടക്കം അപകടത്തിൽപ്പെട്ട, ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. അപകടത്തിനുശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്.

ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കുന്നിൽനിന്നു വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനു കാന പണിയാൻ നടപടി സ്വീകരിക്കും. റോഡരികിൽ പാർക്കിങ്ങിനു നിരോധനമുണ്ട്. പരിശോധനയ്ക്കായി പൊലീസിനെ നിയോഗിക്കും.

അതേസമയം, ഗംഗാവലി നദിയിൽ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും നടന്നില്ല. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ നടപ്പാകൂ. സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽനിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല. യന്ത്രം ഏതു രീതിയിൽ ഉപയോഗപ്രദമാവും എന്നതു സംബന്ധിച്ച് ഇനിയും പരിശോധന നടത്തി ഉറപ്പാക്കിയശേഷമേ നടപടികൾക്കു സാധ്യതയുള്ളൂ. അതിനിടെ, ഈ മാസം 5ന് അമാവാസി നാളിൽ വേലിയിറക്കം ഉണ്ടാവുമെന്നും ആ സമയത്ത് നദിയിൽ വെള്ളം കുറയുന്നതിനാൽ അന്നത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കണമെന്നുമുള്ള ചർച്ചയും കഴിഞ്ഞ ദിവസം ഷിരൂരിൽ ഉത്തര കന്നഡ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായി. 

Tags:    

Similar News