കോഴിക്കോട്ടുനിന്നു കാണാതായ സൈനബ കൊല്ലപ്പെട്ടതായി സൂചന; കൊന്നു കൊക്കയിൽ തള്ളിയെന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ

Update: 2023-11-13 05:05 GMT

ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ സമദ് (52) പൊലീസ് കസ്റ്റഡിയിലാണ്.

സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭർത്താവ് ജെയിംസ് പരാതി നൽകിയതിനെ തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ െചയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയുടെ മൊഴിപ്രകാരം പൊലീസ് പറയുന്നത് ഇങ്ങനെ,

മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് (52) ആണ് കസബ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്. ഇയാൾ പറയുന്നത് അനുസരിച്ച് സുലൈമാൻ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാൻഡിന് അടുത്തുനിന്നും കാറിൽ കയറ്റിക്കൊണ്ടു പോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു. പ്രതിയുടെ മൊഴിപ്രകാരം കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്കു തിരിച്ചു.

Tags:    

Similar News