ലോകത്തിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറിക്കഴിഞ്ഞു. ജനന നിരക്ക് ഇങ്ങനെ കുത്തനെ താഴ്ന്നതോടെ ഇതേക്കുറിച്ച് നിരവധി സർവേകൾ നടന്നിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ മൂലമാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കാനോ അല്ലെങ്കിൽ പ്രസവം വൈകിപ്പിക്കാനോ ദക്ഷിണ കൊറിയയിലെ യുവതികളും സ്ത്രീകളും തീരുമാനിക്കുന്നതെന്നാണ് ഈ സർവേകൾ വെളിപ്പെടുത്തിയത്.
ഒരു ദക്ഷിണ കൊറിയൻ സ്ത്രീക്ക് പ്രത്യുൽപാദന ജീവിതത്തിൽ ജനിക്കാവുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം നിലവിൽ 0.72 ആണെന്നാണ് 2023ലെ പഠനങ്ങൾ പറയ്യുന്നത്. 2022 ഇത് 0.78 ആയിരുന്നു. പൊതുവെ പുരുഷന്മാർക്ക് ആധിപത്യം കൂടുതലുള്ള സമൂഹമായതിനാൽ ദക്ഷിണ കൊറിയയിൽ തൊഴിൽ മേഖലയിൽ ഉയർന്നു വരാൻ കഴിയ്യുന്ന സ്ത്രീകൾ ഒരു കാരണംകൊണ്ടും അത് വിട്ടുകളയാൻ തയാറല്ല.