കാനഡയില്‍ പഠനം, ജോലി, താമസം; അറിയണം ചില കാര്യങ്ങള്‍

Update: 2023-03-04 12:12 GMT

ആശങ്കകളിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍മേഖല കടന്നുപോകുന്നത്. കൊറോണയും അതേത്തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും മലയാളി സമൂഹത്തെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഗള്‍ഫ് നാടുകളിലെ തൊഴിലിനെ മാത്രം ആശ്രയിക്കുന്ന കാലം പതുക്കെ മാറുകയാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി അവസരങ്ങളാണുള്ളത്. ഈ രാജ്യങ്ങളില്‍ ജോലി തേടിയും വിദ്യാഭ്യാസത്തിനും സ്ഥിരതാമസത്തിനുമായി അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാനഡ ഇപ്പോള്‍ വിദ്യാര്‍ഥികളുടെയും തൊഴിലന്വേഷകരുടെയും രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നത് കാനഡയിലേക്കാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയും മികച്ച സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമുകളും സമാധാനാന്തരീക്ഷവും വര്‍ണ വിവേചനമില്ലാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ കുടുംബസമേതം ജീവിക്കാമെന്നുള്ളതുമൊക്കെ കാനഡ ഇമിഗ്രേഷന്‍ വര്‍ധിക്കാന്‍ കാരണങ്ങളാകുന്നു.

ഇമിഗ്രേഷന്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കനേഡിയന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദീര്‍ഘവും ചെലവേറിയതുമാണ്. ഇന്ത്യാക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് മൂന്നു തരത്തിലുള്ള വിസകളാണ് ലഭ്യമാകാന്‍ സാധ്യതയുള്ളത്. സ്റ്റുഡന്റ് വിസ, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ, കനേഡിയന്‍ എക്‌സ്പീരിയെന്‍സ് വിസ. ഇതില്‍ ഏറ്റവും എളുപ്പം കിട്ടാവുന്ന വിസ സ്റ്റുഡന്റ് വിസയാണ്. കാരണം സ്റ്റുഡന്റ് വിസ അനുവദിക്കുക വഴി കനേഡിയന്‍ സര്‍ക്കാരിനു വരുമാനമുണ്ടാകുന്നു. രണ്ടാമത്തെ വിസ ലഭിക്കാന്‍ ചിലപ്പോള്‍ മൂന്നു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. കാനഡയില്‍ താമസിച്ചും ജോലി ചെയ്തും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കാണ് മൂന്നാമത്തെ വിസ. മലയാളികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നത് സ്റ്റുഡന്റ് വിസക്കാണ്. കാനഡയില്‍ എത്താനുള്ള എളുപ്പമാര്‍ഗമായിട്ടാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും സ്റ്റുഡന്റ് വിസയെ കാണുന്നത്.

കനേഡിയന്‍ വിദ്യാഭ്യാസം

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ലഭ്യമാക്കുന്നത്. പഠനത്തിന് സാമ്പത്തികച്ചെലവും അധികമാണ്. വിദ്യാര്‍ഥികളെ സംബന്ധിച്ചു കനേഡിയന്‍ ജീവിതം കുറച്ചുകൂടി ബുദ്ധിമുട്ടേറിയതായിരിക്കും. എന്നാല്‍, രണ്ടു വര്‍ഷത്തെ ഫീസ് നാട്ടില്‍ നിന്ന് അടച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക അത്ര വലിയ പ്രശ്‌നമൊന്നുമില്ല. പക്ഷേ, ഒരു സെമസ്റ്റര്‍ ഫീസടച്ചതിനുശേഷം ഇവിടെ പണിയെടുത്തു ബാക്കി ഫീസടയ്ക്കാം എന്നു വിചാരിച്ചു വരുന്ന കുട്ടികള്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരും. പിന്നെ, പെര്‍മനെന്റ് റെസിഡന്‍സി കിട്ടുന്നതിനുള്ള ബുദ്ധിമുട്ടും. എന്നിരുന്നാലും ചെറുപ്പത്തില്‍ ഇവിടെയെത്തിയാല്‍ അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും അവര്‍ക്ക് മികച്ച ശമ്പളമുള്ള ജോലിയും ജീവിത സാഹചര്യവും കെട്ടിപ്പടുക്കാനാവും. കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ കാനഡയില്‍ ജോലികിട്ടാനുള്ള സാധ്യതകൂടി കണക്കിലെടുക്കണം.

പ്രൈവറ്റ് കോളേജുകള്‍ പരമാവധി ഒഴിവാക്കണം. കമ്യൂണിറ്റി കോളേജുകളില്‍ അഡ്മിഷന്‍ നേടിയാല്‍ ജോലി സാധ്യത കൂടുതലാണ്. ഐടി, നഴ്‌സിങ്്, സപ്ലൈ ചെയിന്‍ & ലോജിസ്റ്റിക്‌സ്, എന്‍ജിനീയറിങ്, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ചേരുന്നതാണ് എളുപ്പം ജോലികിട്ടുന്നതിനും പെര്‍മനെന്റ് റസിഡന്റ് സ്റ്റാറ്റസ് ലഭിക്കുന്നതിനും നല്ലത്. ദ്വിവത്സര കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കുക. കാരണം ഇത്തരം കോഴ്‌സുകള്‍ക്ക് മൂന്നു വര്‍ഷം കാലാവധി നീട്ടിക്കിട്ടും. അഥവാ പെര്‍മനെന്റ് റെസിഡന്റ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നു വര്‍ഷം ഇവിടെ ജോലിചെയ്താല്‍ ചിലവെല്ലാം കഴിച്ചു കുറച്ചു സമ്പാദ്യവുമായി നാട്ടിലേക്കു മടങ്ങാം. പിന്നീട് കനേഡിയന്‍ എക്‌സ്പീരിയന്‍സ് വിസ അല്ലെങ്കില്‍ പെര്‍മനെന്റ് റെസിഡന്റ് വിസ് എന്നിവയ്ക്ക് അപേക്ഷിക്കാം.

കനേഡിയന്‍ ജോബ് മാര്‍ക്കറ്റ്

ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ കാനഡ ഒട്ടേറെ സാധ്യതകള്‍ ഉള്ള ഒരു രാജ്യമാണ്. വിസ്തൃതിയില്‍ വലിപ്പമേറിയതും ജനസംഖ്യയില്‍ ചെറുതുമായ കാനഡ ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യവുമാണ്. ദേശീവരുമാനത്തിന്റെ 69.8% സേവന മേഖലയുടെ സംഭാവനയാണ്. വ്യവസായമേഖലയുടെ സംഭാവന 28.5% ആണ്. ഐടി, നഴ്‌സിങ്, റിയല്‍ എസ്റ്റേറ്റ്, സപ്ലൈ ചെയിന്‍ & ലോജിസ്റ്റിക്, മാനുഫാക്ചറിങ് റിലേറ്റഡ് ജോബ്‌സ്, എന്‍ജിനീയറിങ്, സോഷ്യല്‍ വര്‍ക്കര്‍, പെഴ്‌സണല്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവയാണ് പ്രധാനമായും മലയാളികളുള്‍പ്പെടുന്ന ഇമിഗ്രന്റ്‌സ് ചെയ്യുന്ന ജോലികള്‍. കാനഡയിലെത്തുന്നവരുടെ ജീവിതം ആദ്യവര്‍ഷങ്ങള്‍ സുഖകരമായിരിക്കില്ല. തരക്കേടില്ലാത്ത ജോലികിട്ടാനുള്ള പ്രയാസമാണ്. ഇതിനു നിരവധി കാരണങ്ങള്‍ ഉണ്ട്:

1) കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ആളുകളില്‍ 80 ശതമാനവും ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നി പ്രൊവിന്‍സുകളില്‍ കേന്ദ്രികരിക്കുന്നു എന്നതാണ് പ്രധാനകാരണം. അതുകൊണ്ട് ഇവിടെ ജോലി അന്വേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മറ്റു പ്രൊവിന്‍സുകളില്‍ ജോലി സാധ്യത താരതമ്യേന കൂടുതലാണ്.

2) ഇംഗ്ലീഷ് സംസാരിക്കുവാനും എഴുതുവാനുമുള്ള ബുദ്ധിമുട്ട്.

3) ഇവിടെ റെഗുലേറ്റഡ് ജോലികള്‍ക്കു വേണ്ടുന്ന ലൈസെന്‍സ് നേടാനുള്ള പ്രയാസം.

കാനഡയില്‍ പ്രൊഫഷണല്‍ ജോലി ലഭിക്കുന്നതിന് കനേഡിയന്‍ ലൈസന്‍സും പ്രവൃത്തിപരിചയവും അത്യാവശ്യമാണ്. ഇതാണു നാം നേരിടുന്ന പ്രധാന വെല്ലുവിളി. നാട്ടിലോ വിദേശത്തോ നല്ലനിലയില്‍ ജോലിയും അത്യാവശ്യം ജീവിത സാഹചര്യവുമുള്ള ആളുകള്‍ ഇവിടെയെത്തിയാല്‍ അവര്‍ ആയിരുന്ന അവസ്ഥയില്‍ നിന്നു വളരെ താഴെ പോയതായി കുറച്ചു കാലത്തേക്കെങ്കിലും തോന്നും. ഇക്കാലയളവില്‍ മറ്റു പല ജോലികളും ചെയ്യേണ്ടി വരും ഇതു നമ്മുടെ നാട്ടില്‍ എല്ലാവരാലും ബഹുമാനവും നല്ല ശമ്പളവും കിട്ടിയിരുന്നവരെ ചിലപ്പോള്‍ മാനസികമായി ബുദ്ധിമുട്ടിച്ചേക്കാം. ഇവിടെ നാം ചെയ്യേണ്ടുന്ന കാര്യം ഇവിടുത്തെ സാഹചര്യത്തില്‍ കിട്ടാവുന്ന ജോലിയില്‍ പ്രവേശിച്ചുകൊണ്ടു പതിയെ ലക്ഷ്യത്തിലെത്തുവാന്‍ ശ്രമിക്കുക എന്നതാണ്.

കനേഡിയന്‍ ജീവിതത്തിലെ നേട്ടങ്ങളും പ്രതിസന്ധികളും

ലോകത്തിലെ തന്നെ ഏറ്റവും നല്ല ജീവിത നിലവാരം, മുതലാളിത്ത രാജ്യമാണെന്ന് പേരുണ്ടെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമുകള്‍ (വിദ്യാര്‍ഥികള്‍ക്ക് മിക്ക പ്രൊവിന്‍സുകളിലും ലഭ്യമല്ല), വംശീയമായ ആക്രമണങ്ങള്‍ കുറവുള്ള രാജ്യം, കുടുംബമായി ജീവിക്കാനുള്ള അവസരം, സാമ്പത്തിക പുരോഗതി, സൗജന്യ ചികിത്സയും സ്‌കൂള്‍ വിദ്യാഭ്യാസവും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം തുടങ്ങിയവയാണ് നേട്ടങ്ങളുടെ പട്ടികയില്‍ എടുത്തുപറയേണ്ടവ.

പ്രതിസന്ധികളുടെ പട്ടികയില്‍ ആദ്യമായി പറയേണ്ടത് കനേഡിയന്‍ ജീവിതസാഹചര്യവുമായി പൊരുത്തപ്പടാനെടുക്കുന്ന സമയമാണ്. ആദ്യവര്‍ഷങ്ങള്‍ ഇവിടെയെത്തുന്നവര്‍ക്കു സന്തോഷകരമാകണമെന്നില്ല. പുതിയൊരു ജോലി കണ്ടെത്തേണ്ടതും തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരികഭൂമികയിലേക്കുള്ള പറിച്ചുനടലും എല്ലാം ഈ കാലയളവില്‍ നമ്മെ ബുദ്ധിമുട്ടിച്ചേക്കാം. കുട്ടികളുടെ അമിതമായ സ്വാതന്ത്ര്യം ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ മാതാപിതാക്കളും ആശങ്കാകുലരാണ്. മറ്റൊരു പ്രശ്‌നം നമ്മുടെ സാമൂഹ്യജീവിതത്തിലെയും സംസ്‌കാരത്തിന്റെയും വ്യത്യാസമാണ്. നാട്ടില്‍ കൂട്ടുകാരൊക്കെയായി അടിച്ചുപൊളിച്ചു ജീവിക്കുന്ന നമ്മള്‍ കാനഡയില്‍ എത്തിയാല്‍ ഏകാന്തത അനുഭവപ്പെടും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജോലിസമയം കഴിഞ്ഞു കിട്ടുന്ന സമയം കുട്ടികളുടെ പഠന കാര്യങ്ങളിലും മറ്റും ശ്രദ്ധിക്കേണ്ടതിനാല്‍ ആര്‍ക്കും തന്നെ വെറുതെ കളയാന്‍ സമയമില്ല. ശൈത്യമാണ് മറ്റൊരു പ്രശ്‌നം. ആറുമാസത്തോളം (നവംബര്‍-ഏപ്രില്‍ ) കാനഡയില്‍ തണുപ്പാണ്. എന്തു ജോലിയും ചെയ്യാനുള്ള മനസും ലക്ഷ്യത്തിലെത്തുവാനുള്ള ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും കാനഡയില്‍ വന്നാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള മലയാളിയുടെ കഴിവിനു മുന്നില്‍ ഈ പ്രശ്‌നങ്ങളൊന്നും ബാലികേറാമലയാണെന്നു തോന്നുന്നില്ല.

Similar News