മദ്യത്തിന്‍റെ വില്‍പനയും നിര്‍മ്മാണവും ഇറക്കുമതിയും വിലക്കി ഇറാഖ്; പ്രതിഷേധം വ്യാപകം
ഇറാഖില്‍ പ്രഖ്യാപിച്ച മദ്യ നിരോധനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍. മദ്യത്തിന്‍റെ വില്‍പനയും ഇറക്കുമതിയും നിരോധിച്ച തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പൊതു ഇടങ്ങളില്‍ മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും നേരത്തെ മദ്യം വില്‍ക്കാനും ഇറക്കുമതി ചെയ്യാനും ഇറാഖില്‍ അനുമതി ഉണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച് ഇറക്കുമതിയും നിര്‍മ്മാണവും വില്‍പനയും ഇറാഖില്‍ അനുവദനീയമല്ല.
ബീവറേജ് ഷോപ്പുകള്‍ നടത്തിയിരുന്ന വിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പുകളും പ്രതിഷേധവും കണക്കിലെടുക്കാതെ ശനിയാഴ്ച മുതലാണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. നിയമം ജനാധിപത്യപരമല്ലെന്നാണ് വ്യാപകമായ ആരോപണം. 2016ല്‍ നിയമം പാര്‍ലമെന്‍റില്‍ പാസായിരുന്നെങ്കിലും ഫെബ്രുവരിയില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തിലായത്. ആല്‍ക്കഹോളിന്‍റെ സാന്നിധ്യമുള്ള എല്ലാ വസ്തുക്കളുടേയും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളഅ തടയാന്‍ കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് ഭരണകൂടം.