ഡീപ് ഫേക്ക് വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിച്ചു; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

Update: 2024-03-21 12:00 GMT

ഓണ്‍ലൈനില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് മൊഴിനൽകാൻ സാർഡിനിയൻ നഗരമായ സസാരിയിലെ കോടതിയിൽ ജൂലൈ രണ്ടിന് മെലോനി എത്തണം.

2020ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.

സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. മെലോനിയുടെ ഡീപ്പ് ഫേക്ക് അശ്ലീല വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുന്‍പാണ് ഡീപ് ഫേക്ക് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു.

ഇറ്റലിയിലെ നിയമമനുസരിച്ച് തടവുശിക്ഷയ്ക്ക് അര്‍ഹമായ ക്രിമിനല്‍ കുറ്റമാണ് മാനനഷ്ടകേസ്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ജോര്‍ജിയ മെലോനി. 2022ലാണ് മെലോനി അധികാരമേറ്റത്.

Tags:    

Similar News