ബ്രിട്ടീഷ് സേനയിലെ മുൻ വൈമാനികരെ വലയിലാക്കി ചൈന; നിയോഗിക്കുന്നത് ആർമിയ്ക്കു പരിശീലനം നൽകാൻ
ബ്രിട്ടീഷ് സേനയിലെ മുൻ സൈനിക പൈലറ്റുമാരെ പരിശീലനത്തിനായി ചൈന നിയോഗിക്കുന്നതായി റിപ്പോർട്ട്. വിരമിച്ച മുപ്പതോളം പൈലറ്റുമാരെയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കു പരിശീലനം നൽകാനായി നിയോഗിക്കുന്നത്. ലക്ഷക്കണക്കിന് ഡോളറും മറ്റു വാഗ്ദാനങ്ങളും നൽകിയാണ് ചൈന ഇവരെ വശത്താക്കിയിരിക്കുന്നത്.
ചൈനീസ് പട്ടാളത്തെ പരിശീലിപ്പിക്കാനുള്ള പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ വൈമാനികർക്കു താക്കീതു നൽകിയിട്ടുണ്ട്. നിലവിലെ യുകെ നിയമപ്രകാരം വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കു മറ്റു സേവനങ്ങളിൽ ഏർപ്പെടുന്നതിനായി തടസങ്ങളൊന്നുമില്ല. മുൻ വൈമാനികരുടെ നടപടികളിൽ വിവിധ ലോകരാജ്യങ്ങൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ചൈനയ്ക്ക് തായ് വാനുമായുള്ള നിലനിൽക്കുന്ന പ്രശ്നങ്ങളും ഉയർത്തിക്കാണിക്കുന്നു. ചൈനയുടെ നടപടികളെ ഇന്ത്യയും സൂഷ്മായി നിരിക്ഷിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ സേനയെക്കുറിച്ചും യുദ്ധവിമാനങ്ങളെക്കുറിച്ചും ചൈനയ്ക്കു വ്യക്തമായ ധാരണ ലഭിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. അതിർത്തി രാജ്യങ്ങളുമായി നിരന്തരം അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് എയർഫോഴ്സിനു ലഭിക്കുന്ന ആധുനിക പരിശീലനം ആശങ്കയുളവാക്കുന്നതാണ്. 2019 മുതൽ ബ്രിട്ടീഷ് ആർമിയിലെ വിരമിച്ച വൈമാനികരെ ചൈന പരിശീലനത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.