കുടിയേറ്റക്കാര്‍ക്കായി നിരന്തരം പ്രവര്‍ത്തിച്ച കത്തോലിക്കാ ബിഷപ്പ് അമേരിക്കയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു
കത്തോലിക്കാ ബിഷപ്പ് അമേരിക്കയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ദീര്‍ഘകാലമായി സഭയിലെ സമാധാന ശ്രമങ്ങളുടെ പേരില്‍ ശ്രദ്ധേയനായ ബിഷപ്പിനാണ് ശനിയാഴ്ച ലോസ് ആഞ്ചലസില്‍ വച്ച് വെടിയേറ്റത്. പുരോഹിതനായി പ്രവര്‍ത്തനം ആരംഭിച്ച് 45 വര്‍ഷത്തോളം കത്തോലിക്കാ സഭയ്ക്കായി പ്രവര്‍ത്തിച്ച ബിഷപ്പ് ഡേവിഡ് ഒ കോണല്‍ ആണ് കൊല്ലപ്പെട്ടത്. ആഴത്തിലുള്ള ആത്മീയ പ്രവര്‍ത്തികളുടെ പേരില്‍ സമാധാന പാലകനെന്നായിരുന്നു ബിഷപ്പ് അറിയപ്പെട്ടിരുന്നത്.
അവിചാരിതമായാണ് ബിഷപ്പിന്‍റെ മരണമെന്ന് ലോസ് ആഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ശനിയാഴ്ച വ്യക്തമാക്കി. കാലിഫോര്‍ണിയയുടെ പ്രാന്ത പ്രദേശത്ത് വച്ച് രാത്രി ഒരു മണിയോടെയാണ് ബിഷപ്പിന് വെടിയേറ്റത്. പാവപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമിടയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ബിഷപ്പ്. 69 വയസ് പ്രായമുണ്ട്. സംഭവത്തില്‍ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ കൊലയാളിയേക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല. 2015ാണ് ബിഷപ്പ് പദവിയിലേക്ക് ഡേവിഡ് ഒ കോണലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്.
അയര്‍ലന്‍ഡിലാണ് ഇദ്ദേഹം ജനിച്ചത്. ഡബ്ലിനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം പൌരോഹിത്യം സ്വീകരിച്ചത്. 1979ലാണ് ഡേവിഡ് ഒ കോണല്‍ കാലിഫോര്‍ണിയയില്‍ എത്തുന്നത്. കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരുടെ ഇടയിലെ സജീവ പ്രവര്‍ത്തനം നടത്തിയിരുന്ന ഇദ്ദേഹം മധ്യ അമേരിക്കയിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നിയമ സഹായം അടക്കമുള്ളവ നല്‍കാന്‍ മുന്‍കൈ സ്വീകരിച്ചിരുന്നു.