ഭാവി വധുവിനെകുറിച്ചുള്ള യുവാവിന്റെ ഡിമാൻഡുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്; പോസ്റ്റുമായി ചിന്മയി ‌

Update: 2024-08-23 07:30 GMT

വിവാഹം കഴിക്കാൻ പോകുന്ന ആളുകളെ കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങളും താൽപര്യങ്ങളുമൊക്കെ കാണും, അത് സ്വഭാവികമാണ്. എന്നാൽ, മനുഷ്യവിരുദ്ധവുമായ ഡിമാൻഡുകളുമായി വരുന്നവരുമുണ്ട്. അത്തരത്തിൽ ഒരു യുവാവിന്റെ ഡിമാൻഡുകൾ‌ പറയുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ​ഗായിക ചിന്മയി ശ്രീപദ. പിഎച്ച്‍ഡി ഗോൾ‌ഡ് മെഡൽ നേടിയ യുവാവാണ് ഇത്രയും സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ ആശയങ്ങളുമായി വന്നിരിക്കുന്നതെന്നാണ് അത്ഭുതം. തന്റെ ഭാവി വധു എങ്ങനെയായിരിക്കണമെന്ന കൃത്യമായ ധാരണ യുവാവിനുണ്ട്. വളരെ പെട്ടെന്നാണ് ചിന്മയി എക്സിൽ പങ്കുവച്ച സ്ക്രീൻഷോട്ട് വൈറലായത്.

വീടും കുടുംബകാര്യങ്ങളും നോക്കാൻ കഴിവുള്ളവളായിരിക്കണം വധു എന്നു പറഞ്ഞാണ് യുവാവിന്റെ കുറിപ്പ് തുടങ്ങുന്നത്. അവൾ ഊർജ്ജസ്വലയും മുഴുവൻ വീട്ടുകാരെയും നോക്കാൻ കഴിയുന്നവളുമായിരിക്കണം. ശാരീരികമായും മാനസികമായും വസ്ത്രത്തിന്റെ കാര്യത്തിലും ജീവിതശൈലിയുടെ കാര്യത്തിലും എല്ലാം വച്ച് അവൾ വീട്ടിലേക്ക് നിറങ്ങൾ കൊണ്ടുവരുന്നവളായിരിക്കണമെന്നും പറയുന്നുണ്ട്. മാത്രമല്ല, വധുവിന്റെ ബിഎംഐ 24 ആകണമെന്ന് വരെ യുവാവ് പറയുന്നു. ഒപ്പം വീട്ടിൽ ജോലിക്കാരുണ്ടാവില്ല അതുകൊണ്ടു തന്നെ എല്ലാ വീട്ടുജോലിയും ചെയ്യാൻ‌ പ്രാപ്തിയുള്ളവളായിരിക്കണം. വധുവിന് ജോലി വേണമെന്നില്ല, സമ്പാദിക്കണമെന്നുമില്ല, അതൊന്നും പ്രധാനമല്ല. അഥവാ ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് പാഷന്റെ പുറത്ത് ചെയ്യാം. പക്ഷേ, വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞേ അതിന് പ്രാധാന്യമുണ്ടാകു യുവാവ് വ്യക്തമാക്കുന്നു. തീർന്നില്ല, വിവാഹം കഴിഞ്ഞയുടനെ കുട്ടികൾ വേണം അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞ് ഏഴ് വർഷം അവൾക്ക് ജോലിക്ക് പോവാനാവില്ല, പ്രത്യേകിച്ച് ചെന്നൈയിൽ അല്ലെങ്കിൽ. കാരണം, കുട്ടി സ്കൂളിൽ പോകുന്നത് വരെ അവൾക്ക് ജോലിയിൽ എങ്ങനെ ശ്രദ്ധിക്കാനാവും എന്നാണ് ചോദ്യം.

ഈ നൂറ്റാണ്ടിലും ഇങ്ങനെ പിന്തിരിപ്പൻ ആശയങ്ങൾ വച്ചു പുലർത്തുന്നവരുണ്ട് എന്നത് പുതുമയുള്ള കാര്യം ഒന്നുമല്ല. ധാരാളം പുരുഷന്മാർ ഇപ്പോഴും സ്ത്രീകൾ വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കി വീട്ടിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് കരുതുന്നവർ തന്നെയാണ്. എന്നിരുന്നാലും നിരവധിപ്പേരാണ് ഈ പോസ്റ്റിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

Tags:    

Similar News