Ponniyin Selvan 2: മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ അഭൂതപൂർവമായ കുതിപ്പ് നടത്തുകയാണ്. മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും ചിത്രം 150 കോടി പിന്നിട്ടു. ആഭ്യന്തര ബോക്സോഫീസിന് പുറമെ രാജ്യാന്തര ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടം കൊയ്യുകയാണ്. ഈ രീതിയിൽ മുന്നോട്ട്‌പോയാൽ ലൈക്ക പ്രൊഡക്ഷൻസിന്റെ ലാഭകരമായ സംരംഭമായി ചിത്രം അവസാനിക്കും. എന്നിരുന്നാലും, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ അഭിപ്രായത്തിൽ, പൊന്നിയിൻ സെൽവൻ: ഭാഗം 2 ലോകമെമ്പാടും വെറും മൂന്ന് ദിവസം കൊണ്ട് 150 കോടി നേടി.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിൻ സെൽവൻ' ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവനിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഭാഗം വമ്പൻ ഹിറ്റായതിനാൽ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
എ.ആർ റഹ്മാന്റെ സംഗീതവും രവി വർമ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിൻ സെൽവ'നിലെ ആകർഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിക്കുന്ന 'പൊന്നിയിൻ സെൽവൻ-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.