ഹേമ കമ്മിറ്റി റിപ്പോർട്ടിലും അതിന് പിന്നാലെയായുള്ള വെളിപ്പെടുത്തലുകളിലും പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മയിൽ താര പരിവേഷം ഇല്ലെന്നും എല്ലാവരും പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ഒരു സംഘടനയാണ് അതെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഡബ്ല്യൂസിസിയെ അവർ വിമർശിക്കുകയും ചെയ്തു. ഇതുവരെ ഒരു സ്ത്രീകളുടെയും കണ്ണീരൊപ്പാൻ അവർ ഉണ്ടായിട്ടില്ലെന്നായിരുന്നു നടിയുടെ വിമർശനം.
'അതിജീവിതമാർക്ക് ഒപ്പം തന്നെയാണ് നിലകൊള്ളുന്നത്. തെറ്റ് ചെയ്തിട്ടുണ്ടോ, അത് തെളിവ് സഹിതം കൊണ്ട് വന്ന് തെളിയിച്ച് കുറ്റകാരൻ ആണെന്ന് ബോധ്യപ്പെടണം. അന്ന് നമ്മൾ വേണമെങ്കിൽ ചെരുപ്പൂരി അടിക്കും. ഒരാളെ തകർക്കാൻ വേണ്ടിയിട്ട് ആണ് ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ തക്കതായ ശിക്ഷ ഇവർക്കും കൊടുക്കണം.' പൊന്നമ്മ ബാബു പറഞ്ഞു.
'പത്തോ ഇരുപതോ വർഷം മുൻപ് നടന്ന കാര്യത്തിന് ഇപ്പോഴല്ല മറുപടി കൊടുക്കേണ്ടത്, അപ്പോൾ തന്നെ കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് തീരും. എവിടെയാണ് അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് പോയി ജോലി ചെയ്യാൻ പറ്റുന്ന സ്ഥലം. അത്രയും സുരക്ഷിതത്വം ആയിട്ടുള്ള ഒരു സ്ഥലമാണ് സിനിമ. എന്നിട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വിട്ടേക്കണം, വിദ്യാസമ്പന്നയാണെങ്കിൽ വേറെ ജോലി നോക്കണം' അവർ പറയുന്നു.
'തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അല്ലാത്തവരെ ദൈവം ശിക്ഷിക്കട്ടെ. എന്ത് ചെയ്താലും നരകവും സ്വർഗവും ഒക്കെ ഭൂമിയിൽ തന്നെയാണ്. കർമ്മ എന്നൊന്ന് ഉണ്ട്. അത് ഇവിടെ നിന്ന് നമ്മൾ അനുഭവിച്ചിട്ടേ പോവത്തുള്ളൂ. സിനിമാ ഇൻഡസ്ട്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ ആരുമില്ല. എന്നാൽ അതിനെ തരണം ചെയ്യണം, ഞങ്ങൾക്ക് മുൻപുള്ള ആർട്ടിസ്റ്റുകളും ഇതൊക്കെ അനുഭവിച്ചതാണ്' നടി മനസ് തുറന്നു.
'ഡബ്ല്യൂസിസിയെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല, നല്ല കാര്യം തന്നെയാണ് അവർ ചെയ്തത്. അവരെ ഞാൻ വേറെ കാണുന്നില്ല, അവരും ഞങ്ങളുടെ സംഘടനയിൽ ഉള്ള ആൾക്കാരാണ്. ഞങ്ങളുടെ സഹോദരിമാർ തന്നെയാണ് അവർ. എന്നാൽ അവർ അങ്ങനെയൊരു സംഘടന തുടങ്ങിയപ്പോൾ ഞങ്ങളെ പോലെയുള്ള ആൾക്കാരെ അതിലേക്ക് വിളിച്ചില്ല' താരം ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയാണ് അതിന് പിന്തുണ നൽകിയതെന്നും പൊന്നമ്മ ബാബു പറഞ്ഞു. 'ഡബ്ല്യൂസിസി തുടങ്ങുന്ന സമയത്ത് മമ്മൂക്കയാണ് അതിന് പിന്തുണ നൽകിയത്. അന്ന് പാർവതിയും മറ്റുള്ളവരും ഒന്നും പുറത്ത് പോയിട്ടില്ല. എന്നിട്ട് അവർ ഒരു സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങളെ പോലുള്ളവരെ അതിലേക്ക് ചേർക്കണ്ടേ..?' അവർ പറഞ്ഞു.
'മറ്റൊന്ന് ചോദിക്കുന്നത് ഞങ്ങളെ പോലെയുള്ള സ്ത്രീകളെ ചേർക്കാതെ നിന്നിട്ടും ഞങ്ങളുടെ സംഘടനയിൽ ഉള്ളവരാണ് സഹായിച്ചത്. ഇവർ പുറത്ത് പോയിട്ട് ഒരു സംഘടന രൂപീകരിച്ചിട്ട് ഇവർ സ്ത്രീകൾക്ക് വേണ്ടി ചെയ്ത എന്തെങ്കിലും കാര്യങ്ങൾ അറിയാമോ. ഒരു പെണ്ണിന്റെ കണ്ണുനീർ ഒപ്പാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനോ ഇവർ മുൻകൈ എടുത്തിട്ടില്ല' പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.