സുരഭിലതാരം

Update: 2022-11-26 11:27 GMT


ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ സുരഭിലക്ഷ്മിയുടെ അടുത്തിടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ് പത്മയും കുമാരിയും. രണ്ടു ചിത്രങ്ങളിലും സുരഭിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളിലൊരാളാണ് സുരഭിലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷന്‍, നാടക രംഗത്തു നിന്ന് ചലച്ചിത്ര ലോകത്തേയ്ക്ക് ചേക്കേറിയ താരം, 2016-ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം.

അടുത്തിടെയാണ് നടന്‍ അനൂപ് മേനോന്‍ നിര്‍മിച്ച പത്മ തിയേറ്ററുകളില്‍ എത്തിയത്. ഭാര്യ ഭര്‍ത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിനു പ്രേക്ഷകരില്‍നിന്നു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തി. പത്മയിലെ സുരഭിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. നിര്‍മാണത്തിന് പുറമെ, അനൂപ് മേനോന്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെട്ടതായിരുന്നു ചിത്രം. മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണു സൂചിപ്പിക്കുന്നത്.

പത്മയില്‍ എല്ലാം മനസിലൊതുക്കി ചിരിച്ചുകഴിയുന്ന പത്മയെയാണ് കണ്ടതെങ്കില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച കുമാരിയില്‍ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി സമ്മാനിച്ചത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടില്ല, മറിച്ച് കാട്ടില്‍ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിരുന്നു. ആദ്യകാഴ്ചയില്‍ സുരഭി തന്നെയാണോ ഇത് എന്നു തോന്നിപ്പിക്കും വിധം അഭിനയിച്ചുഫലിപ്പിക്കാന്‍ താരത്തിനു സാധിച്ചു. അതുപോലെ, തന്റെ മാസ്റ്റര്‍പീസായ കോഴിക്കോട് ഗ്രാമീണ ഭാഷയെ മാറ്റിനിര്‍ത്തി പ്രത്യേകതരം സംസാരരീതിയാണ് സുരഭി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അവര്‍. കണ്ണുകള്‍ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിച്ചു എന്നതും ശ്രേദ്ധയമാണ്.

ടൊവിനോ ത്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയില്‍ അഭിനയിക്കുകയാണ് സുരഭി ഇപ്പോള്‍. അടുത്തവര്‍ഷത്തേക്കു കൈനിറയെ ചിത്രങ്ങളാണ് സുരഭിക്കുള്ളത്.

Similar News