പി. ഭാസ്കരൻ, എ. വിൻസെന്റ്, കുതിരവട്ടം പപ്പു എന്നിവർക്ക് ശ്രദ്ധാഞ്ജലിയുമായി 'നീലവെളിച്ചം'

Update: 2023-02-25 12:45 GMT

ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണെന്നു വിശ്വസിച്ച കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ഭാസ്‌കരൻ ഈ ലോകത്തോടു വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനാറു വർഷം തികയുന്നു. 2007 ഫെബ്രുവരി 25നാണ് ഭാസ്‌കരൻ മാഷ് അന്തരിച്ചത്. ഈ ഓർമദിനം മാഷിന്റെ വാക്കുകളാൽ മനോഹരമാക്കുകയാണ് നീലവെളിച്ചം സിനിമാപ്രവർത്തകർ.

കാലാതീതമായി മലയാളത്തിന്റെ ലാളിത്യവും മഹത്വവും ആഘോഷിക്കപ്പെടുന്ന, അദ്ദേഹം രചിച്ച അനശ്വരതയെ പുൽകിയ മികച്ച ഗാനങ്ങളിൽ ചിലതാണ് നീലവെളിച്ചത്തിൽ പുനർദൃശ്യവൽക്കരിക്കുന്നത്. ഭാർഗവീനിലയത്തിന്റെ സംവിധായകനായ എ. വിൻസെന്റിന്റെയും ചിത്രത്തിൽ അഭിനയിച്ച കുതിരവട്ടം പപ്പുവിന്റെയും ചരമദിനം. ഈ ഓർമദിനത്തിൽ ആദരപൂർവം സ്മരണാഞ്ജലികൾ അർപ്പിക്കുകയാണ് നീലവെളിച്ചം സിനിമാപ്രവർത്തകർ.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. അതുല്യപ്രതിഭകളായ എം.എസ്. ബാബുരാജ്, പി. ഭാസ്‌കരൻ ടീമിന്റെ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ ഇന്നിന്റെ സാങ്കേതിക മികവിൽ ബിജിബാലിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.

Similar News