സിനിമാ ലോകം നയൻതാരയെ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ദക്ഷിണേന്ത്യൻ സിനിമയിൽ അടുത്ത കാലത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന സൂപ്പർ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചലച്ചിത്ര നിർമാണ പ്രവണതയെ സംബന്ധിച്ചു നയൻതാര അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ദക്ഷിണേന്ത്യൻ സിനിമയിൽ സൂപ്പർ ബഡ്ജറ്റ് ചിത്രങ്ങൾ നിർമിക്കുമ്പോൾ പുരുഷന്മാരെ മാത്രമേ കേന്ദ്രീകരിക്കുന്നുള്ളു എന്നും അഭിനയ ശേഷിയുള്ള നായികമാരെ കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിക്കാറില്ലെന്നുമാണ് നയൻതാര അഭിപ്രായപ്പെട്ടത്. അതിനുള്ള ധൈര്യം നിർമാതാക്കൾ പ്രകടിപ്പിക്കുന്നില്ല എന്നും നയൻസിന് അഭിപ്രായമുണ്ട് .
ഇത്തരം ധീരമായ അഭിപ്രായ പ്രകടനങ്ങൾക്കു ശേഷം ഇപ്പോൾ പുറത്തിറങ്ങിയ ചിത്രമാണ് 'കണക്ട് '. നയൻതാരയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, അനുപം ഖേർ, വിനയ് റായ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയുടെ ഭർത്താവായ വിഘ്‌നേഷ് ശിവനാണ് കണക്ടിന്റെ നിർമ്മാതാവ്. തമിഴ് , തെലുഗു, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഇപ്പോൾ റിലീസായിട്ടുള്ളത്. അടുത്തു തന്നെ ഹിന്ദി പതിപ്പും തിയേറ്ററുകളിലെത്തും.
'കണക്ട് ' ഒരു ഹൊറർ ത്രില്ലറാണ്. എക്സോർസിസ്ററ് മോഡൽ ചിത്രമാണ് .അച്ഛൻ (സത്യരാജ് ) മകൾ (നയൻതാര), മകളുടെ ഭർത്താവ് , മകളുടെ മകൾ പതിനാലുകാരി , പുരോഹിത വേഷത്തിൽ അനുപം ഖേറും.താരങ്ങൾ അധികമില്ല. ഇതൊരു വെൽ ടേക്കൺ മൂവിയാണ് . നയൻതാരയുടെ മാത്രമല്ല എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ പ്രേക്ഷകരെ ഇനിയും പ്രതീക്ഷിച്ച രീതിയിൽ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഈ ചിത്രത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്നതാണ് യാഥാർഥ്യം.