'ഓരോ ആർട്ടിസ്റ്റിനും പതിനാറ് മുണ്ടുകൾ, ചെലവായത് ലക്ഷങ്ങൾ; മെൽവി ജെ

Update: 2024-05-20 10:01 GMT

മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് വലിയ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോക്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. തിയറ്ററിൽ മികച്ച വിജയം നേടിയ സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായി. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയാണ് ഭ്രമയും.

അഞ്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. മമ്മൂട്ടിയുടെ കൊടുമൻ പോറ്റി സിദ്ധാർത്ഥ് ഭരതൻ ചെയ്ത കഥാപാത്രം, അർജുൻ അശോക് ചെയ്ത തേവൻ, അമാൻഡ ലിസ് അവതരിപ്പിച്ച യക്ഷി, മണികണ്ഠൻ ചെയ്ത കോര എന്നിവരാണിവർ. ഇവരിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ഭ്രമയുഗത്തിൽ മുഴുനീളെ ഉണ്ടായിരുന്നത്. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനെക്കുറിച്ച് ഡിസൈനർ മെൽവി പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭ്രമയുഗത്തിലെ ഓരോ ആർട്ടിസ്റ്റിനും പതിനാറ് മുണ്ടുകളോളം വെച്ചിട്ടുണ്ട്. സാധാരണ പടത്തിന് നാല് ലക്ഷം രൂപയ്ക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്യാം. ഭ്രമയുഗത്തിന്റെ കോസ്റ്റ്യൂമിന് എട്ട്, പത്ത് ലക്ഷത്തിനടുത്ത് ചെലവ് വന്നു. നോക്കുമ്പോൾ മുണ്ട് മാത്രമേയുള്ളൂ. പക്ഷെ സിനിമയിൽ പല സീനുകൾ ഷഫിൾ ചെയ്താണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ക്ലൈമാക്‌സിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളുടെ മുണ്ടിന് വരുന്ന മാറ്റം, കാട്ടിലുള്ള ഫൈറ്റ് തുടങ്ങിയവ കാരണം കോസ്റ്റ്യൂമിൽ മാറ്റങ്ങൾ വരും.

അത് ചലഞ്ചിംഗ് ആയിരുന്നു. മൂന്ന് മുണ്ടല്ല ഒരു ആർട്ടിസ്റ്റിന് കൊടുക്കേണ്ടി വന്നത് 16 മുണ്ടുകളാണെന്നും മെൽവി ജെ വ്യക്തമാക്കി. ഞാൻ കണ്ട് വളർന്ന കാലഘട്ടത്തിലെ യക്ഷി വെള്ള സാരി ഉടുത്തിട്ടാണ്. അത് മാറ്റിയിട്ട് ഇനി ഭാവിയിൽ ആരെങ്കിലും എന്റെ റഫറൻസ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എട്ട് തവണ യക്ഷിയുടെ ലുക്ക് ടെസ്റ്റ് ചെയ്തു. യക്ഷിയുടെ ഡ്രസിന് മാത്രം മൂന്ന് ലക്ഷം രൂപയോളം ചെലവായി.

യക്ഷിയുടെ ആഭരണങ്ങളെല്ലാം കസ്റ്റമൈസ്ഡ് ആണ്. യക്ഷിയുടെ കൈയിലെ മോതിരങ്ങൾക്ക് മാത്രം ഒരു ലക്ഷം രൂപ വിലയുണ്ട്. മുണ്ട് ഉണ്ടാക്കാനായി ഞങ്ങൾ കൈത്തറി നെയ്ത്തുകാരുടെ അടുത്ത് പോയി ഏത് കനത്തിലുള്ള മുണ്ടാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെയാണ് ഈ പതിനാറ് മുണ്ടുകളും ഡ്യൂപ്പുകളും ഉണ്ടാക്കിയതെന്നും മെൽവി ജെ പറഞ്ഞു. ലുലു ഫാഷൻവീക്കുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയുടെ ഡിസൈനർ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Tags:    

Similar News