കാഞ്ചനമാല-മൊയ്തീൻ പ്രണയകാവ്യം; "എന്ന് നിന്റെ മൊയ്തീൻ' പിറന്നിട്ട് എട്ടു വർഷം
"എന്ന് നിന്റെ മൊയ്തീൻ', ആ പ്രണയകാവ്യം പിറന്നിട്ട് ഇന്ന് എട്ടു വർഷം പൂർത്തിയാകുന്നു. മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയജീവിതത്തെ ആസ്പദമാക്കി നവാഗതനായ ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം പ്രേക്ഷകപ്രശംസ മാത്രമല്ല, സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ കൂടി നേടിയ സിനിമയാണ്. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവതി എന്നിവർ മൊയ്തീനും കാഞ്ചനമാലയുമായി എത്തിയ അഭ്രകാവ്യം 2015 സെപ്തംബർ 19നാണു പ്രദർശനത്തിനെത്തിയത്.
കാഞ്ചനമാലയ്ക്കു ജീവിതം മുഴുവൻ ഒരാൾക്കായുള്ള കാത്തിരിപ്പാണ്. തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും "മാനു' എന്നു വിളിക്കുന്ന മൊയ്തീനു വേണ്ടിയുള്ള കാത്തിരിപ്പ്. മാനു ഇരവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് പോയിമറഞ്ഞിട്ടും കാഞ്ചന ആ പ്രണയത്തിന്റെ ഓർമയിൽ ജീവിച്ചു. ജീവശ്വാസമാണ് കഞ്ചനയ്ക്കിന്നും മൊയ്തീൻ. വെറുമൊരു അനുരാഗമായിരുന്നില്ല കാഞ്ചന-മൊയ്തീൻ പ്രണയം. പൂർവജന്മബന്ധം പോലെയായിരുന്നു. തീവ്രമായ, പരിശുദ്ധമായ ബന്ധമായിരുന്നു അവരുടേത്. അതുകൊണ്ടാണ് മാനു എന്ന ഇണക്കിളി പാതിവഴിയിൽ ജീവൻ വെടിഞ്ഞുപോയപ്പോഴും തന്റെ ജീവൻ കൊണ്ട് കഞ്ചന മൊയ്തീനെ ജീവിപ്പിച്ചത്.
മൊയ്തീനോടുള്ള പ്രണയം വീട്ടുകാർ അറിയുകയും കാഞ്ചനയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തപ്പോൾ തങ്ങളുടെ പ്രണയത്തിനു പുതിയ ഭാഷ സൃഷ്ടിച്ചവരാണ് അവർ. കാഞ്ചനയുടെയും മൊയ്തീന്റെയും മാത്രമല്ല, അപ്പുവിന്റെയും കൂടി കഥയാണ് നാമറിയുന്നത്. മൊയ്തീന് വേണ്ടി കാത്തിരുന്ന കാഞ്ചനയെ ഗാഢമായി പ്രണയിക്കുകയും തന്റെ ജീവിതത്തിന്റെ വസന്തമാകാൻ ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് അപ്പു. തന്റെ ഇഷ്ടം വെളിപ്പെടുത്തിയ അപ്പുവിനോട് തനിക്ക് മൊയ്തീനോടുള്ള പ്രണയം തുറന്നുപറയുന്നു. തുടർന്ന് വേദനയോടെ അപ്പു പ്രണയത്തിൽനിന്നു പിൻമാറുന്നു.
പൃഥ്വിരാജിനും പാർവതിക്കും പുറമെ, അപ്പുവായി ടൊവിനോയും ഉണ്ണിമൊയ്തു ഹാജിയായി സായ്കുമാറും മൊയ്തീന്റെ ഉമ്മയായി ലെനയും കാഞ്ചനയുടെ സഹോദരനായി ബാലയും ചിത്രത്തിൽ മികച്ച പ്രകടനാണ് കാഴ്ചവച്ചത്.
ഒരു തേങ്ങലോടെയല്ലാതെ എന്ന് നിന്റെ മൊയ്തീൻ കണ്ടുതീർക്കാൻ കഴിയില്ല. മൊയ്തീൻ-കാഞ്ചനമാല പ്രണയം എന്നും ഒരു നൊന്പരമായി മലയാളികളുടെ മനസിലുണ്ടാകും.