ശ്രീനിവാസനും തനിക്കുമിടയിൽ വിള്ളലുണ്ടാക്കിയത് സിനിമയിലുള്ളവർതന്നെയെന്ന് സംവിധായകൻ ലാൽ ജോസ്. മറവത്തൂർ കനവ് എന്ന സിനിമയുണ്ടായത് ശ്രീനിയേട്ടൻ ഉള്ളതുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഒറ്റവാക്കാണ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന തന്നെ ഡയറക്ടർ ആക്കിയത്. മറവത്തൂർ കനവ് ഹിറ്റായി. ഏതൊരാളുടെയും സ്വപ്നം പോലെ തന്റെ സ്വപ്നവും സഫലമായി. കന്നിച്ചിത്രം ഹിറ്റ് ആയി.
ശ്രീനിയേട്ടനോട് സിനിമയിലുള്ളവരും മറ്റുള്ളവരും സിനിമ വേണ്ടത്ര എഫക്ടീവായല്ല ചെയ്തിരിക്കുന്നതെന്ന ധാരണ പരത്തി. ശ്രീനിയേട്ടന് സിനിമയുടെ കൂടെ ഇരിക്കാനൊന്നും പറ്റിയില്ല. കാരണം മറവത്തൂർ കനവിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ചിന്താവിശിഷ്ടയായ ശ്യാമള എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
സെക്കൻഡ് ഷെഡ്യൂളിൽ ശ്രീനിയേട്ടന് സീനുകൾ ഇല്ലായിരുന്നു. ഡബ്ബിംഗിന് അദ്ദേഹം വരുന്നതിനു മുമ്പ് ആളുകൾ കൊടുത്ത പിക്ചറും നല്ലതായിരുന്നില്ല. ഒരു സീനിലെ ഡയലോഗിൽ വരുത്തിയ കറക്ഷൻ ആരോ പർവതീകരിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തു. അദ്ദേഹത്തിനതു വേദനയായി. ഇതൊന്നും ഞാനറിഞ്ഞില്ല. ഒരു അകൽച്ച ശ്രീനിയേട്ടന് ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.