പപ്പ പറഞ്ഞ കഥകൾ കേട്ടു വളർന്ന കുട്ടിയാണ് ഞാൻ: അന്നാ ബെൻ

Update: 2023-03-13 11:45 GMT

അന്നാ ബെൻ, കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കവർന്ന താരം. നിഷ്‌ക്കളങ്കമായ ചിരിയിലൂടെ അന്ന എല്ലാവരെയും കീഴടക്കി. ചെറുപ്രായത്തിൽതന്നെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് അന്ന അവതരിപ്പിച്ചത്. മലയാളസിനിമയിലെ പ്രമുഖ തിരക്കഥാകൃത്തുക്കളിലൊരാളായ ബെന്നി പി. നായരമ്പലത്തിന്റെ മകൾ അന്ന ബെൻ വളർന്നത് കഥകൾ കേട്ടും കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ ജീവൻ വയ്ക്കുന്നതും കണ്ടുമാണ്. കുടുംബ പശ്ചാത്തലം കരിയറിനു സഹായകമായോ എന്ന ചോദ്യത്തിന് അന്ന പറഞ്ഞ മറുപടി ഇതാണ് -

പപ്പ പറഞ്ഞ കഥകൾ കേട്ടു വളർന്ന കുട്ടിയാണ് ഞാൻ. കുഞ്ഞുനാൾ മുതൽ സിനിമയുടെ/കഥയുടെ ലോകത്താണ്. കഥ കേൾക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. കഥകളുടെ കേൾവി, സിനിമകളുടെ തെരഞ്ഞെടുപ്പുകൾക്കും അഭിനയത്തിനും എനിക്ക് ഏറെ സഹായകമായിട്ടുമുണ്ട്. കാരണം, പപ്പയുടെ കഥകൾ കേൾക്കുമ്പോഴാണെങ്കിലും, മറ്റു തിരക്കഥാകൃത്തുക്കൾ കഥ പറയുന്ന അവസരങ്ങളിലും, ഡയറക്ടർ അഭിനയത്തിന്റെ സന്ദർഭങ്ങൾ വിവരിച്ചു തരുമ്പോഴുമെല്ലാം ഞാൻ അതു കേൾക്കുന്നതു പ്രേക്ഷകയായി മാത്രമാണ്. അപ്പോൾ മാത്രമേ കൃത്യമായ വിധി നിർണയത്തിനുള്ള സാധ്യത നമുക്കു ലഭിക്കൂ. സിനിമ എന്ന കലാരൂപത്തിന്റെ പ്രത്യേകതയും ഇതാണ്.

പ്രേക്ഷകനിലേക്ക് ഒരു കഥാപാത്രമെത്തുമ്പോൾ അവർ എപ്രകാരം ആയിരിക്കും അതിനെ സ്വീകരിക്കുക എന്ന് അറിഞ്ഞാൽ മാത്രമേ ഈ സിനിമ ചെയ്യണമോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പു സാധ്യമാകൂ. കൂടാതെ, കഥയുടെ പുതുമയും ഗുണദോഷങ്ങളും മനസിലാക്കാനും സാധിക്കൂ. കഥാപാത്രത്തെ ഉൾക്കൊള്ളാൻ എനിക്ക് ആകുമോ എന്നറിയണമെങ്കിലും പ്രേക്ഷക മനസ് ഉൾക്കൊണ്ടുള്ള കഥ കേൾക്കൽ ആവശ്യമാണ്. തിരക്കഥാകൃത്തും സംവിധായകനും ഓരോ കഥാപാത്രത്തിനും ഒരു ജീവൻ നൽകുന്നുണ്ട്. എന്നാൽ, ആ കഥാപാത്രം നമ്മുടേതാവുമ്പോൾ കുറച്ചു മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കും.

ചിലപ്പോഴത് എഴുതിയിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരുപടി മുന്നിലാവും മറ്റു ചിലപ്പോൾ തിരക്കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നതിൽ നിന്നു ചെറിയ വ്യത്യാസങ്ങൾ കഥാപാത്രങ്ങൾക്കു വരാം. നമ്മുടെതായ ഒരു കാഴ്ചപ്പാടും സംഭാവനയും കൂടി ചേരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് ആവശ്യമാണത്. അപ്പോൾ മാത്രമാണ് ഒരു കഥാപാത്രം പൂർണമായി ജീവൻ വയ്ക്കുന്നതെന്നു പറയാം.

Similar News