സുനിലുമായുള്ള വിവാഹത്തെ വീട്ടുകാരും സുഹൃത്തുക്കളും എതിര്‍ത്തു; കാരണം വെളിപ്പെടുത്തി പാരീസ് ലക്ഷ്മി
കേരളത്തിന്റെ മരുമകളാണ് പാരീസ് ലക്ഷ്മി. നടിയും നര്‍ത്തകിയുമായ ലക്ഷ്മിക്ക് ആരാധകര്‍ ഏറെയുണ്ട്. പാരീസിലെ കലാകുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്. അച്ഛന്‍ നാടക പ്രവര്‍ത്തകന്‍ ആയിരുന്നു. അമ്മ ശില്‍പ്പി. സഹോദരന്‍ നാരായണന്‍ യൂറോപ്യന്‍ ഓര്‍ക്കസ്ട്രയിലെ ഡ്രമ്മറാണ്. മലയാളിയായ കഥകളി കലാകാരന്‍ പള്ളിപ്പുറം സുനില്‍ ആണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട് ലക്ഷ്മി. വീട്ടുകാരും സുഹൃത്തുക്കളും തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും ആദ്യം എതിര്‍ത്തിരുന്നതായി താരം വെളിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികള്‍ മറികടന്ന് വിവാഹിതരായ സുനിലും ലക്ഷ്മിയും ഇന്നു മാതൃകാദമ്പതികളാണ്. പാരീസ് ലക്ഷ്മിയുടെ വാക്കുകള്‍-
എന്റെ അമ്മയ്ക്കും അച്ഛനും കഥകളി വളരെ ഇഷ്ടമാണ്. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു. എട്ടു ദിവസം വരെ കഥകളി ഉണ്ടാകും. ഈ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ തിയേറ്ററില്‍ വരികയും കഥകളി ആസ്വദിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവിടെയുള്ള കലാകാരന്മാരുമായി നല്ല അടുപ്പമായി. അവരില്‍ ഒരാളായിരുന്നു സുനിലേട്ടന്‍. അന്ന് ചേട്ടന് 20 വയസ് ഉണ്ടായിരുന്നു. എനിക്ക് ആണെങ്കില്‍ ഏഴും. എല്ലാ വര്‍ഷവും ഞങ്ങള്‍ കേരളത്തില്‍ എത്തും.
ഇടയ്ക്കു പഠനത്തിന്റെ തിരക്കുകള്‍ വന്നതോടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് അല്‍പ്പം നിയന്ത്രണം ഏര്‍പ്പെടുത്തി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഞങ്ങള്‍ വീണ്ടും വന്നപ്പോഴേക്കും എനിക്ക് 16 വയസായി. ഇക്കാലയളവില്‍ ഞാനൊരു പ്രൊഫഷനല്‍ ഡാന്‍സറായി മാറിയിരുന്നു. പോരാത്തതിന് ഞാന്‍ അഭിനയിച്ച സിനിമ ബിഗ് ബി റിലീസ് ചെയ്തതും ആയിടയ്ക്കാണ്. ഈ മടങ്ങിവരവിലും ഞാന്‍ സുനിലേട്ടനെ കണ്ടു. അന്നുമുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി.
ഞങ്ങള്‍ ഒരുമിച്ചു ഒരു പ്രോഗ്രാം ചെയ്യാനായി ഫ്രാന്‍സിലേക്കു പോയി. ആ ദിവസങ്ങളില്‍ സുനിലേട്ടന്‍ എന്റെ വീട്ടില്‍ ആണ് താമസിച്ചത്. അച്ഛനും അമ്മയ്ക്കും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടു. അന്നു ഞങ്ങള്‍ പാരീസില്‍ ചെയ്ത പ്രോഗ്രാമിന് ഒരുപാട് അഭിനന്ദങ്ങള്‍ ലഭിച്ചു. തിരിച്ചു നാട്ടിലേക്കു വന്നു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു:'സ്വന്തം കലയോട് ആത്മാര്‍ഥതയുള്ള നമുക്കു ജീവിതത്തിലും ഒരുമിച്ച് കൂടെ?'. ചേട്ടന്‍ പറഞ്ഞ കാര്യത്തോടു ഞാനും യോജിച്ചു. എന്റെ വീട്ടില്‍ സംസാരിച്ചപ്പോള്‍ അമ്മയ്ക്കും അച്ഛനും സന്തോഷമായി. എന്നാലും സുനിലേട്ടന്റെ അച്ഛന് ആദ്യം താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും പിന്നീടു മാറി.
പക്ഷേ, ഞങ്ങളുടെ സുഹൃത്തുക്കള്‍ ഈ വിവാഹത്തെ എതിര്‍ത്തു. ഞങ്ങള്‍ തമ്മില്‍ പ്രായ വ്യത്യാസം ഉണ്ടെന്നായിരുന്നു എന്റെ ഫ്രണ്ട്‌സ് പറഞ്ഞത്. ചേട്ടന്റെ കൂട്ടുകാര്‍ ആകട്ടെ ഞാന്‍ ഒരു വിദേശി ആണെന്നും വിദേശികളെ വിശ്വസിക്കാന്‍ പറ്റില്ല, വിവാഹം കഴിച്ചാല്‍ തന്നെ ആ ദാമ്പത്യം ശാശ്വതമാകില്ല എന്നൊക്കെ പറഞ്ഞ് സുനിലേട്ടനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിനു മുമ്പു തന്നെ സുനിലേട്ടന്‍ നല്ല കെയറിങ് ആയിരുന്നു. വിവാഹശേഷം അത് ഒന്നുകൂടി ഇരട്ടിച്ചു.