സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്?: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച സംവിധായകന്‍ ആഷിക് അബു

Update: 2024-08-23 09:04 GMT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിക് ചോദിച്ചു.

സിനിമാ മേഖലയില്‍ ഇത്തരം കുറ്റകൃത്യം നടക്കുന്നുവെന്ന് വാക്കാല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ചലച്ചിത്രരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ നടന്നപ്പോഴാണ് ഹേമ കമ്മറ്റിയെ നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം സിനിമ മേഖലയിലെ കാര്യങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, പരാതി കേള്‍ക്കാനാണ് സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി എടുക്കണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ആഷിഖ് പറഞ്ഞു.

സര്‍ക്കാരിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ പറ്റിയ അത്രശേഷിയുള്ള ആളുകളാണ് ഇവരെന്ന് ബോധ്യപ്പെടുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. സര്‍ക്കാരിന്റെ മേല്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പറയുകയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സഹായം വേണമെന്ന്. ഇത് പരാജയപ്പെട്ട സര്‍ക്കാരിന്റെ പ്രസ്താവനയാണെന്നും ഇതിനെ ഒരു കുട്ടിക്കളിയുടെ ലാഘവത്തോടെയാണ് കാണുന്നതെന്നും ആഷിഖ് പറഞ്ഞു.

സിനിമ സംഘടനകളൊന്നും ഇതിനകത്ത് കൃത്യമായ പ്രതികരണം നടത്തുമെന്ന് തനിക്ക് പ്രതീക്ഷയില്ല. ജനാധിപത്യപരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. ഒരു ഫ്യൂഡല്‍ സംവിധാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മാടമ്പി ഭരണമാണ് അവിടെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് അമ്മയുടെ നിലപാട് എല്ലാവരും കണ്ടതാണ്. അതില്‍കൂടുതല്‍ എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആഷിഖ് ചോദിച്ചു. സിനിമ കോണ്‍ക്ലേവിന്റെ അജണ്ട രൂപികരിച്ചിട്ടില്ല. സിനിമയുടെ നയരൂപീകരണം സംബന്ധിച്ച ചര്‍ച്ചയെന്നാണ് മന്ത്രി പറഞ്ഞത്. അത് ഒരു കോംപ്രമൈസ് ആകുമെന്ന് കരുതുന്നില്ലെന്ന് ആഷിഖ് പറഞ്ഞു.

Tags:    

Similar News