ഇനിയുളള സമയം ഉയിരിനും ഉലഗത്തിനും വേണ്ടി; നയൻതാര അഭിനയം നിർത്തുന്നതായി റിപ്പോർട്ട്

Update: 2023-03-03 12:59 GMT

ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയം നിർത്താൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്. തന്റെ സ്വകാര്യ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിന്റ ഭാഗമായി അഭിനയം താത്ക്കാലികമായി നിർത്തുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. സറോഗസിയിലൂടെ അമ്മയായ താരം, തന്റെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനും വേണ്ടി ഇനിയുള്ള സമയം നീക്കിവയ്ക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ ഒക്ടോബറിൽ സംവിധായകൻ-ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്.

മക്കളുടെ കാര്യങ്ങൾക്കും വിഘ്‌നേഷിനൊപ്പമുള്ള ജീവിതത്തിനും തന്റെ പ്രൊഡക്ഷൻ ഹൗസിലേക്കും ശ്രദ്ധ മാറ്റുന്നു എന്നാണു പുറത്തുവരുന്ന വിവരങ്ങൾ. നയൻതാരയും വിഘ്‌നേഷും റൗഡി പിക്‌ചേഴ്‌സ് സഹ ഉടമകളാണ്. ഈ വാർത്ത നയൻസിന്റെ ആരാധകരെ ഞെട്ടിക്കുന്നതാണ്. എന്നാൽ റിപ്പോർട്ടിന്റെ ആധികാരികതയിൽ സ്ഥരീകരണമായിട്ടില്ല. ഇത് സംബന്ധിച്ച് നയൻതാരയോ വിഘ്നേഷോ ഔദ്യോഗിക അറിയിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഈ വർഷത്തെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ജൂണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു.

Similar News