നായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ടിനു കിട്ടിയത് എട്ടിൻറെ പണി
നിങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കൂ. ഒന്നുകിൽ നടിയുടെ പക്ഷം ചേരാം. അല്ലെങ്കിൽ പാവപ്പെട്ട കാൽനടയാത്രക്കാരുടെ കൂടെനിൽക്കാം. വില കൂടിയ നായ്ക്കളെയും പൂച്ചകളെയുംകൊണ്ടു ചുറ്റാനിറങ്ങുക പലരുടെയും ഹോബിയാണ്. ചിലർ സ്റ്റാറ്റസ് സിംബലായി വില കൂടിയ വളർത്തുമൃഗങ്ങളെ കാണുന്നു. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായകാര്യം. അതേസമയം, വളർത്തുമൃഗങ്ങൾ മറ്റുള്ളവർക്കു ശല്യമായി മാറാതെ നോക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്തമാണ്.
വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. നടിയുടെ നായ കാൽനടയാത്രക്കാരായ യുവാക്കളുടെ മേൽ കുരച്ചുചാടിയതാണു പ്രശ്‌നം. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഇതിനെതിരേ പ്രതികരിച്ച നാലു യുവാക്കൾക്കെതിരേ കേസ് കൊടുത്തിരിക്കുകയാണ് താരം.
അനിത തൻറെ നായക്കൊപ്പം നടക്കുമ്പോൾ യുവാക്കൾക്കുനേരേ കുരച്ചുചാടുകയായിരുന്നു. ഇതിനെതിരേ പ്രതികരിച്ച യുവാക്കളോടു ജാഡയിൽ നടി പെരുമാറുകയും പിന്നീട് ക്ഷമ പറഞ്ഞു തടിതപ്പുകയും ചെയ്തു. പക്ഷേ യുവാക്കൾ അയഞ്ഞില്ല. അവർ നടിയെ കണക്കിനു ചീത്തവിളിച്ചു. ഇതോടെ നായ വീണ്ടും കുരച്ചു. തുടർന്ന് താരം നായയെ കാറിൽ കയറ്റി വീട്ടിലേക്കു പോകാൻ ശ്രമിച്ചു. ആ സമയം രോക്ഷാകുലരായ യുവാക്കൾ നടിയുടെ കാറിനുനേരെ കല്ലെറിയുകയും ചെയ്തു.
ഇപ്പോൾ താരം യുവാക്കൾക്കെതിരേ പരാതി കൊടുത്തിരിക്കുകയാണ്. സൈക്കോ, തിപ്പജി സർക്കിൾ, ഡേയ്‌സ് ഓഫ് ബോറപുർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച അനിത ഭട്ട് കന്നഡക്കാർക്ക് സുപരിചിതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ടെലിവിഷനിലേക്കു കടക്കുകയായിരുന്നു.