'നരൻ' സിനിമയിൽ ഡ്യൂപ് രംഗങ്ങളില്ല, ആക്ഷൻ രംഗങ്ങളുടെ ആവേശത്തിൽ ലാൽ അറിയാതെ ലയിച്ചുപോകും: മധു

Update: 2024-05-05 07:34 GMT

മലയാളസിനിമയുടെ വളർച്ചയുടെ നിർണായാക ഘട്ടങ്ങളിലൂടെ കടന്നുപോയ മോഹൻലാൽ വൈവിധ്യമാർന്ന എത്രയോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മലയാളത്തിൻറെ മഹാനടൻ മധു. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനയപ്രതിഭകളിൽ ഒരാളായ ലാലിൻറെ അഭിനയത്തിലെ സൂക്ഷ്മതകൾ അഭിനയവിദ്യാർഥികൾക്കു പാഠമാണെന്നും മധു പറഞ്ഞു. ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ആവേശത്തോടെ ലാൽ അതിൽ ലയിച്ചുപോകുമെന്നും മധു പറഞ്ഞു. അദ്ദേഹത്തിൻറെ വാക്കുകൾ:

കഥാപാത്രത്തിനുവേണ്ടി എത്ര റിസ്‌കെടുക്കാനും ലാൽ തയാറാണ്. പ്രത്യേകിച്ച് സ്റ്റണ്ടു രംഗങ്ങളിലൊന്നും ലാൽ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. രംഗത്തിൻറെ പെർഫെക്ഷനുവേണ്ടി ചെയ്യുന്നതാണെങ്കിലും പലപ്പോഴും പരിക്കുകൾ പറ്റിയിട്ടുമുണ്ട്. എൻറെ അനുഭവത്തിൽ പടയോട്ടം മുതൽ കാണിക്കുന്ന ധൈര്യം ഇപ്പോഴും ലാൽ കാണിക്കുന്നുണ്ട്.

ഞങ്ങൾ ഒന്നിച്ചഭിനയിച്ച നരൻ എന്ന സിനിമയിലെ വെള്ളത്തിലുള്ള ഷോട്ട് അത്തരത്തിലുള്ള ഒന്നായിരുന്നു. ചെന്നൈയിൽ നിന്നു വന്ന ഡ്യൂപ്പിന് നീന്തലറിയില്ലെന്നു പറഞ്ഞപ്പോൾ ലാൽ ആ രംഗം താൻ തന്നെ ചെയ്തുകൊള്ളാമെന്ന് പറഞ്ഞു. ഡാം തുറന്നുവിട്ടപ്പോഴുണ്ടായ ശക്തമായ ഒഴുക്കിലായിരുന്നു ആ രംഗം ഷൂട്ട് ചെയ്തത്. ആ ഒഴുക്കിൽ മുതലയുടെയും പെരുമ്പാമ്പിൻറെ കുഞ്ഞുങ്ങളും നീർനായ്ക്കളുമെല്ലാം ഉണ്ടായിരുന്നു. ആ സിനിമയിൽ ഒരൊറ്റ ഡ്യൂപ്പ് ഷോട്ടുപോലും ഉണ്ടായിരുന്നില്ല.

ചിലപ്പോൾ ചെറിയ കാരണങ്ങൾ മതി സാരമായ പരിക്കുപറ്റാൻ. ലാലിന് ഫൈറ്റ് എന്നും ഒരാവേശം തന്നെയാണ്. ഫൈറ്റ് ചെയ്തു തുടങ്ങിയാൽ ആ ആവേശത്തിൽ ലാൽ അറിയാതെ ലയിച്ചുപോകും- മധു പറഞ്ഞു.

Tags:    

Similar News