തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ നേടിയാലേ ഒരു നടന്‍റെ താരമൂല്യം ഉയരൂ. എന്നാല്‍ മാത്രമേ പുതിയ മികച്ച പ്രോജക്റ്റുകള്‍ തേടിവരൂ. താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിന് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത് ആ വ്യത്യാസം അഭിനേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. എങ്കിലേ മാറിയ കാലത്തെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കാനാവൂ.
ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്. ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്. മാര്‍ച്ച് മാസത്തെ ലിസ്റ്റിലുള്ള മുഴുവന്‍ താരങ്ങളും ഏപ്രില്‍ മാസത്തെ ലിസ്റ്റിലും ഉണ്ട്. എന്നാല്‍ ചില സ്ഥാനങ്ങള്‍ മാറിയിട്ടുണ്ടെന്ന് മാത്രം.
മാര്‍ച്ചിലേത് പോലെ ഷാരൂഖ് ഖാന്‍ ആണ് ഇപ്പോഴും ഒന്നാമത്. മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് അക്ഷയ് കുമാര്‍ ആണ്. മാര്‍ച്ച് മാസത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ആണ് ഏപ്രിലില്‍ മൂന്നാം സ്ഥാനത്ത്.
നാലാം സ്ഥാനത്ത് ഹൃത്വിക് റോഷനും അഞ്ചാം സ്ഥാനത്ത് രണ്‍ബീര്‍ കപൂറുമുള്ള ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ഷാഹിദ് കപൂര്‍ ആണ്. ഏഴാമത് അജയ് ദേവ്ഗണും എട്ടാമത് സിദ്ധാര്‍ഥ് മല്‍ഹോത്രയും. ഒന്‍പതാം സ്ഥാനത്ത് ആമിര്‍ ഖാന്‍ ഇടംപിടിച്ചിരിക്കുന്ന ലിസ്റ്റില്‍ പത്താം സ്ഥാനത്തുള്ളത് രണ്‍വീര്‍ സിംഗ് ആണ്. കഴിഞ്ഞ വര്‍ഷം രണ്ട് വന്‍ വിജയങ്ങളാണ് ഷാരൂഖ് ഖാന്‍ നേടിയിരുന്നത്. പഠാനും ജവാനുമായിരുന്നു ഇത്.