വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടു മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് അനുമോൾ. ആദ്യ മലയാള ചിത്രമായ ഇവൻ മേഘരൂപൻ തുടങ്ങി വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനുമോളുടെ പകർന്നാട്ടം പ്രേക്ഷകർ കണ്ടതാണ്. ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിൽ അനുമോളുടെ അഭിനയം വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും. പിന്നീടു വന്ന വെടിവഴിപാടിലും അമീബയിലും ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ അവതരിപ്പിച്ചത്.
അഭിനയസാധ്യതയുള്ള കഥാപാത്രമാണോ എന്നു തോന്നിയാൽ സ്വീകരിക്കും. പിന്നെ ടെക്‌നിക്കൽ ടീം സംവിധായകൻ, കാമറമാൻ ആരാണെന്നു നോക്കും. അങ്ങനെയാണ് കുറച്ചു നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചത്- അനുമോൾ പറയുന്നു. മലയാളത്തിലെ മികച്ച അഭിനേത്രിയായ അനുമോൾ മുഖ്യ കഥാപാത്രമായ അയാലി എന്ന തമിഴ് വെബ്സീരീസ് ശ്രദ്ധിക്കപ്പെട്ടതും കരിയറിൽ വഴിത്തിരിവായി. മലയാളിയാണെങ്കിലും കണ്ണുക്കുള്ളേ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോളുടെ വെള്ളിത്തിരയിലേക്കുള്ള തുടക്കം. അനുമോളുടെ ആദ്യ വെബ്സീരിസും തമിഴിൽ. മലയാളത്തിലും തമിഴിലുമായി അനുമോളുടെ ഒരുപിടി ചിത്രങ്ങൾ പുറത്തുവരാനിരിക്കുന്നു. അനുമോളുടെ വിശേഷങ്ങൾ...
* വെബ്സീരീസ്
യാഥാസ്ഥിതിക തമിഴ് കുടുംബ പശ്ചാത്തലമുള്ള വിദ്യാർഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ആണ് അയാലി. കുറുവമ്മാൾ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ വീരപ്പണ്ണായി എന്ന ഉൾനാടൻ ഗ്രാമത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ ഏറെ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് നിലനിന്നിരുന്നത്. ആചാരാനുഷ്ഠാനങ്ങളെ ബന്ധപ്പെടുത്തി ഒരു പെൺകുട്ടി ഋതുമതിയാകുന്ന മുറയ്ക്ക് അവളുടെ വിവാഹം നടത്തി അവളെ ഒരു പെണ്ണും ഭാര്യയുമാക്കി മാറ്റുന്ന അടിച്ചമർത്തുന്ന ഒരു ഗ്രാമം. ഇതിനെതിരെ പോരാടി പഠിച്ച് ഡോക്ടറാകാനുള്ള ഒരു പെൺകുട്ടിയുടെ സ്വപ്നത്തിലേക്കുള്ള യാത്രയാണ് അയാലി. പെൺകുട്ടിയായി അഭി നക്ഷത്രയും അമ്മയായി ഞാനും വേഷമിടുന്നു. പെൺകുട്ടികൾക്ക് വിവാഹമല്ല വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടതെന്ന് ഈ ചിത്രം കാണിച്ചുതരുന്നു. ഞാൻ തന്നെയാണ് അയാലിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് തമിഴിൽ ഡബ്ബ് ചെയ്യുന്നത്.
* സംസ്‌കൃതത്തിൽ
ആദ്യമായി സംസ്‌കൃതത്തിൽ ചെയ്ത സിനിമയാണ് തയ. അവളാൽ എന്നാണ് തയ എന്ന വാക്കിന്റെ അർഥം. തമിഴിനേക്കാൾ ബുദ്ധിമുട്ടായിരുന്നു സംസ്‌കൃത സിനിമ ചെയ്യാൻ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുരുഷാധിപത്യത്തിനും അന്നത്തെ നിയമവ്യവസ്ഥകൾക്കുമെതിരെ സധൈര്യം പോരാടിയ ഒരു നമ്പൂതിരി ഇല്ലത്തെ താത്രിക്കുട്ടി എന്നൊരു കഥാപാത്രമാണ് ചെയ്തത്. നെടുമുടി വേണുവാണ് അച്ഛനായി അഭിനയിച്ചത്. പ്രശസ്ത കഥകളി കലാകാരൻ സുനിൽ പള്ളിപ്പുറമാണ് ജോഡിയായി അഭിനയച്ചത്. കഥകളി വിദ്വാൻ നെല്ലിയോട് ആശാനും പ്രശസ്തരും പ്രഗത്ഭരുമായ കുറെയേറെ നാടകനടന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കുറിയേടത്ത് താത്രിയുടെ പ്രസിദ്ധമായ സ്മാർത്തവിചാരം ആണ് തയ സിനിമയുടെ പ്രമേയം.
* ഗോൾഡൻ സ്പാരോ അവാർഡ്
ഡൽഹിയിൽ നടന്ന നാലാമത് ഡയോരമ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്‌കാരം തയ എന്ന ഈ സിനിമയിലൂടെ ലഭിച്ചു. ഒരു അഭിനേത്രി എന്ന നിലയിൽ അവാർഡ് കിട്ടുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. നമ്മുടെ ജോലിക്കു ലഭിക്കുന്ന അംഗീകാരമാണല്ലോ അവാർഡുകൾ. പിന്നെ കഥ പറയാൻ വരുന്നവർ അവാർഡ് സിനിമയാണ് എന്ന് പറഞ്ഞ് കഥ പറയുന്നവരോട് അവാർഡ് കിട്ടിയാൽ മാത്രമല്ലേ അവാർഡ്സിനിമ ആവുകയുള്ളൂ എന്നു ചോദിക്കാറുണ്ട്. പിന്നെ അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം എന്നതാണ് പ്രധാനം. ഒരു അഭിനേത്രി എന്ന നിലയിൽ അതിനു വേണ്ടി പരമാവധി ശ്രമിക്കാറുണ്ട്.
* അനുയാത്ര- ട്രാവൽ വീഡിയോ ചാനൽ
അനുയാത്ര എന്ന പേരിൽ ട്രാവൽ വീഡിയോ യൂട്യൂബ് ചാനലുണ്ട്. പക്ഷേ സിനിമയുടെയും മറ്റു തിരക്കുകളായതിനാൽ കുറച്ചു നാളുകളായി വീഡിയോകൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല. യാത്ര പോകുന്ന സ്ഥലങ്ങളൊക്കെ ഷൂട്ട് ചെയ്യുകയും വീട്ടിൽ വന്ന ശേഷം ആ വീഡിയോയ്ക്ക് ഒപ്പം ആ യാത്രാ വിശേഷങ്ങൾ ഒരു കഥ പോലെ പറഞ്ഞു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. അനുമോളുടെ യാത്രകളിൽ കൂടെ വരൂ എന്നാണ് അനുയാത്രയുടെ ഉദ്ദേശ്യം.
* കുടുംബം
പാലക്കാട് ജില്ലയിലെ, പട്ടാമ്പിയാണ് സ്വദേശം. ബിസിനസുകാരനായ അച്ഛൻ മനോഹരൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളെ വിട്ടു പോയി. അമ്മ ശശികല. അനിയത്തി അഞ്ജു. അവൾ ഇപ്പോൾ വിസ്താര എയർലൈൻസിൽ ജോലി ചെയ്യുന്നു.
(തയാറാക്കിയത്- രശ്മി ഉണ്ണികൃഷ്ണൻ)