ഗോത്രവിജ്ഞാനങ്ങളുടെ കലവറയാണ് വയനാട്. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു ജനതയുടെ പെരുമയാര്‍ജിച്ച പാരമ്പര്യങ്ങളും ആചാരങ്ങളും കലാരൂപങ്ങളും നാട്ടുരുചികളുമെല്ലാം വയനാടന്‍മണ്ണ് സഞ്ചാരികള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുന്നു. പ്രസിദ്ധമായ വയനാടന്‍ ചുരം കയറി ലക്കിടിയില്‍ എത്തിയാല്‍ തൊട്ടടുത്താണ് സുഗന്ധഗിരിക്കുന്ന്. ദൂരക്കാഴ്ചയില്‍തന്നെ മനസിനു കുളിര്‍മയേറുന്ന മലനിരകള്‍. അവിടെ ഒരുക്കിയ പൈതൃകഗ്രാമമായ എന്‍ ഊര് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒരുപാടു പ്രത്യേകതകളുള്ള സ്ഥലമാണ് എന്‍ ഊര്. കേരളത്തിലെ ഗോത്ര ജനസമൂഹത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക, പാരമ്പര്യവിജ്ഞാനശാഖകളെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്‍ ഊര് പൈതൃകഗ്രാമത്തിന്റെ ലക്ഷ്യം. 25ഓളം ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ആചാരങ്ങളുടെയും പാരമ്പര്യവിജ്ഞാനത്തിന്റെയും ഖനിയാണ് പൈതൃഗ്രാമം.
ഗ്രോതജനതയുടെ വിജ്ഞാന-പാരമ്പര്യ വൈവിധ്യങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനാല്‍ പുതിയ തലമുറകള്‍ക്കും നമ്മുടെ നാടിന്റെ വിവിധങ്ങളായ സംസ്‌കാരത്തെ നേരിട്ടറിയാം. സംസ്ഥാനത്തെ ഗോത്രസമൂഹങ്ങളെ പൈതൃകഗ്രാമം കോര്‍ത്തിണക്കുക വഴി ആദിവാസി-ഗോത്രവിഭാഗങ്ങള്‍ക്ക് ഊര്‍ജം പകരും. ഇതു ഗോത്രവിഭാഗങ്ങളുടെ സ്ഥിരവരുമാനത്തിനും അഭിവൃദ്ധിക്കും അടിത്തറയാകും.
അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അടച്ചിട്ടിരുന്ന പൈതൃകഗ്രാമം വീണ്ടു തുറന്നുപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള പാതകളിലും അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഒരു ദിവസം രണ്ടായിരം സഞ്ചാരികള്‍ക്കു മാത്രമാണു പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയോടെ ടിക്കറ്റ് വിതരണം അവസാനിക്കും. അതുകൊണ്ട് അവധി ദിവസങ്ങളില്‍ എന്‍ ഊരിലേക്കു പോകുന്നവര്‍ മുന്‍കൂട്ടി പ്രവേശനം ലഭ്യമാണോ എന്നറിഞ്ഞതിനു ശേഷം മാത്രം യാത്രയ്ക്കു തയാറാകുക.
പ്രദേശിക സഞ്ചാരികള്‍ മാത്രമല്ല, ഇതര സംസ്ഥാനക്കാരായ സഞ്ചാരികളും പൈതൃക ഗ്രാമത്തില്‍ ധാരാളമായി എത്താറുണ്ട്. വിദേശ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരും ഇവിടം സന്ദര്‍ശിക്കുന്നു. വയനാട്ടിലേക്കാണോ യാത്ര, എന്നാല്‍ എന്‍ ഊരും സന്ദര്‍ശിക്കൂ... അവിടെ നമ്മളെ കാത്തിരിക്കുന്നത് ഇന്നലെകളാണ്... സംസ്‌കാരത്തിന്റെ സുവര്‍ണഖനി!