മണ്ണ് സൈന പ്ലേ ഒടിടിയിലൂടെ റിലീസിനൊരുങ്ങുന്നു

Update: 2022-11-30 10:16 GMT


അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൂടെ ലോകശ്രദ്ധ നേടിയ മലയാളം ഡോക്യുമെന്ററി സിനിമയായ 'മണ്ണ്' സൈന പ്ലേ ഒടിടിയിലൂടെ റിലീസിനൊരുങ്ങുന്നു. രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്നാറിലെ ചായത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിയ ഐതിഹാസികമായ 'പെമ്പിളൈ ഒരുമൈ ' സമരവും അനുബന്ധ വിഷയങ്ങളുമാണ് അവതരിപ്പിക്കുന്നത്.

ബംഗ്ലാദേശില്‍ നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ സിനിമ, തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാഠ്മണ്ഡുവില്‍ നടന്ന നേപ്പാള്‍ കള്‍ച്ചറല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മനുഷ്യാവകാശ സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം, സൈന്‍സ് ചലച്ചിത്രോത്സവത്തില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നല്‍കുന്ന മികച്ച മലയാളം ഡോക്യുമെന്ററി സിനിമയ്ക്കുള്ള പുരസ്‌കാരം, നേപ്പാള്‍-അമേരിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ ജൂറി പുരസ്‌കാരം എന്നിവ നേടിയ 'മണ്ണ്' , അമേരിക്ക , സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോകമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സിനിമയെപ്പറ്റി ശ്രദ്ധേയമായ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത സര്‍വകലാശാലകളില്‍ ഒന്നായ മാഡിസണിലെ വിസ്‌കോസിന്‍ സര്‍വകലാശാലയില്‍ നടന്ന 49-മത് സൗത്തേഷ്യന്‍ വാര്‍ഷിക കോണ്‍ഫറന്‍സിലേക്ക് പ്രത്യേക പ്രദര്‍ശന ക്ഷണവും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു.

Similar News