കളക്ടര്‍ വിളിച്ചു, മലയാളി വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് അല്ലു
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കു സുപരിചിതമാണ്. താരത്തിന്റെ സിനിമകള്‍ മൊഴിമാറ്റം ചെയ്ത് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. കേരളത്തില്‍ പ്രദര്ശിച്ചിപ്പിച്ച അല്ലുവിന്റെ ചിത്രങ്ങള്‍ക്കെല്ലാം കോടികളുടെ കളക്ഷനും ലഭിച്ചിട്ടുണ്ട്. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥി സമൂഹങ്ങള്‍ക്കിടയിലും അല്ലുവിനെ നിറയെ ഫാന്‍സുണ്ട്. ജീവകാരുണ്യമേഖലയില്‍ അല്ലുവിന്റെ ഇടപെടലുകള്‍ നൂറുകണക്കിന് ആളുകള്‍ക്കു സഹായമായിട്ടുണ്ട്.
ഇപ്പോള്‍, ഒരു മലയാളി വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് എറ്റെടുത്തിരിക്കുകയാണ് അല്ലു അര്ജുന്. അതേ, അല്ലുവിന് കേരളത്തോടുള്ള ഇഷ്ടം വീണ്ടും തെളിയിച്ചിരിക്കുന്നു. പ്ലസ് ടുവിന് ശേഷം തുടര്‍പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തിരിക്കുകയാണ് അല്ലു. ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ്-
''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള് എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്കു കാണാനായി. അതിനാല്‍ വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
നഴ്സ് ആകാനാണ് ആഗ്രഹമെന്നാണ് മോള് എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളജില്‍ സീറ്റ് ലഭിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഒരു സ്പോണ്സര് വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ. അല്ലു അര്‍ജുനെ വിളിക്കുകയും കേട്ടപാടെ ഒരു വര്‍ഷത്തെയല്ല മറിച്ച് നാല് വര്‍ഷത്തേക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠനച്ചെലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തു. എനിക്ക് ഉറപ്പാണ്, ഈ മോള് നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനെയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്കിയ സെന്റ് തോമസ് കോളജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്കി സഹായിക്കുന്ന ശ്രീ. അല്ലു അര്ജുന്, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്കി. കൂടെ നില്കുന്ന നിങ്ങള്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.''