മാലാ പാർവതിയിൽ നിന്ന് 'വെർച്വൽ അറസ്റ്റ്' വഴി പണം തട്ടാൻ ശ്രമം; രക്ഷയായത് അശോക സ്തംഭം ഇല്ലാത്ത ഐഡി കാർഡ്

Update: 2024-10-14 08:26 GMT

നടി മാലാ പാർവതിയിൽ നിന്ന് 'വെർച്വൽ അറസ്റ്റ്' വഴി പണം തട്ടാൻ ശ്രമം. മാലാ പാർവതിയുടെ പേരിലുള്ള കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഐഡി കാർഡ് അടക്കം കൈമാറി. എന്നാൽ ഐഡി കാർഡിൽ അശോക സ്തംഭം കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്ന് മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു.

'മധുരയിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോൾ വന്നത്. രാവിലെ 10 മണിക്കാണ് കോൾ വന്നത്. കൊറിയർ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോൾ വന്നത്. മുൻപും സമാനമായ നിലയിൽ കൊറിയർ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയിൽ നിന്ന് ഒരു ഉൽപ്പന്നം വരുത്തിയപ്പോൾ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോൾ ഉടൻ തന്നെ ഒരു കസ്റ്റമർ കെയർ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മർ കെയറിൽ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോൾ എടുത്തത്. ഇയാൾ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോൾ പാഴ്സൽ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാൻ ചോദിച്ചു. അപ്പോൾ ശരിയാണെന്ന് മറുതലയ്ക്കലിൽ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതിൽ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു'- മാലാ പാർവതി തുടർന്നു.

'അന്ധേരിയിലെ നിന്നാണ് പാഴ്സൽ പോയിരിക്കുന്നത്. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്ടോപ്പ് എന്നിവയാണ് ഉള്ളത്. ഞാൻ അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോൾ നിരവധിപ്പേർ ഇത്തരത്തിൽ തട്ടിപ്പിൽ വീണിട്ടുണ്ട്. വേണമെങ്കിൽ പൊലീസുമായി കണക്ട് ചെയ്യാം എന്ന് പറഞ്ഞു. ഇതുകേട്ടതോടെ ഞാൻ ഒരുനിമിഷം സ്തംഭിച്ചു പോയി. അവിടെ പരാതി കൊടുത്തിടുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു കോൾ. തുടർന്ന് മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്സ്ആപ്പ് കോളാണ് വന്നത്. പ്രകാശ് കുമാർ ഗുണ്ടു എന്നയാൾ വിളിച്ചു. നിങ്ങളുടെ പേരിൽ 12 സംസ്ഥാനങ്ങളിൽ പല ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ആയുധ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തിൽ ഗൗരവമായാണ് പറഞ്ഞത്. വിശ്വസിപ്പിക്കാനായി ഐഡി കാർഡും അയച്ചു തന്നു. അതിനിടെ കോളിൽ ഒരു ബ്രേക്ക് വന്നു. അപ്പോൾ ഞാൻ ഗൂഗിളിൽ തിരഞ്ഞു. ഇതോടെ ഐഡി കാർഡിൽ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാൻ സഹായിച്ചത്. പിന്നീട് അവർ വിളിച്ചിട്ടില്ല'- മാലാ പാർവതി പറഞ്ഞു.

Tags:    

Similar News