കവർച്ചാ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ വിഷം കുത്തി വെച്ചു; യുവ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Update: 2024-05-02 15:37 GMT

കവർച്ചാ സംഘം ശരീരത്തിൽ വിഷം കുത്തിവച്ച യുവ പൊലീസ് ഓഫിസർക്കു ദാരുണാന്ത്യം. മുംബൈ പൊലീസിൽ കോൺസ്റ്റബിളായ വിശാൽ പവാർ ആണു ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. ഡ്യൂട്ടിക്കായി ട്രെയിനിൽ പോകുന്നതിനിടെയാണ് 30കാരൻ ആക്രമണത്തിനിരയായത്.

ഏപ്രിൽ 28ന് വൈകീട്ട് 9.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സബർബൻ ട്രെയിനിൽ സിയോണിനും മാത്തുംഗയ്ക്കും ഇടയിലായിരുന്നു സംഭവം. സാധാരണ വേഷത്തിലായിരുന്ന വിശാൽ ട്രെയിന്റെ വാതിലിനോട് ചാരിനിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ വേഗം കുറച്ച സമയത്ത് ട്രാക്കിലുണ്ടായിരുന്ന ഒരാളുടെ കൈ തട്ടി ഫോൺ നിലത്ത് വീണു. പിന്നാലെ ഇയാൾ ഫോണുമായി ഓടുകയും വിശാൽ ട്രെയിനിൽനിന്നു ചാടി പിന്തുടരുകയും ചെയ്തു.

അൽപം ദൂരം പിന്നിട്ടതോടെ ഒരു സംഘം പൊലീസുകാരനെ പൊതിഞ്ഞു. ഇദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങി. ഇതിനിടെ കൂട്ടത്തിലൊരാൾ അദ്ദേഹത്തിന്റെ പിന്നിൽ വിഷമടങ്ങിയ വസ്തു കുത്തിവയ്ക്കുകയും വായിൽ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിക്കുകയും ചെയ്തു. തുടർന്ന് ബോധരഹിതനായ വിശാൽ തൊട്ടടുത്ത ദിവസമാണ് ഉണരുന്നത്.

ഉടൻ വീട്ടിലേക്കു മടങ്ങിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയും കുടുംബം അദ്ദേഹത്തെ താനെയിലെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിയ കോപ്രി പൊലീസ് വിശാലിൽ നിന്നു മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് കേസ് ദാദറിലെ റെയിൽവേ പൊലീസിനു കൈമാറി. ഇതേ സമയത്തു തന്നെയാണ് ചികിത്സയ്ക്കിടെ ആരോഗ്യം വഷളാകുകയും വിശാൽ പവാർ മരണത്തിനു കീഴടങ്ങുന്നതും.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദാദർ റെയിൽവേ പൊലീസ് അറിയിച്ചു. വിവിധ സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News