താമിർ ജിഫ്രി കൊലക്കേസ്; പോസ്റ്റ് മോർട്ടം നടത്തിയ സർജനെതിരെ പൊലീസ് റിപ്പോർട്ട്, പരുക്ക് മരണ കാരണം എന്ന് എഴുതിയത് ബോധപൂർവം

Update: 2023-08-19 07:31 GMT

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച താമിർ ജെഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പൊലീസുയർത്തുന്ന ചോദ്യം.

നേരത്തെ ഒരു അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഡോക്ടർ ഹിതേഷ് ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Tags:    

Similar News