വ്യക്തിവൈരാഗ്യം; യുപിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്നു

Update: 2024-10-04 04:27 GMT

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും അഞ്ചും രണ്ടും വയസുള്ള കുട്ടികളുമാണ് മരിച്ചത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം അജ്ഞാതര്‍ കുടുംബത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കവര്‍ച്ച നടത്തിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സുനില്‍ ഉള്‍പ്പെട്ട നിയമ തര്‍ക്കം ഉള്‍പ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി അനൂപ് കുമാര്‍ സിംഗ് പറഞ്ഞു.ഓഗസ്റ്റ് 18ന് പൂനം ഫയല്‍ ചെയ്ത കേസാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചന്ദന്‍ വര്‍മയ്ക്കെതിരെയാണ് കേസ് കൊടുത്തിരുന്നത്. പീഡനം, ആക്രമണം, വധഭീഷണി എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ എസ്സി/എസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനല്‍കി. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

'ഇന്ന് അമേഠി ജില്ലയില്‍ നടന്ന സംഭവം അങ്ങേയറ്റം അപലപനീയവും പൊറുക്കാനാവാത്തതുമാണ്. കുടുംബത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഃഖസമയത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. ഈ സംഭവത്തിലെ കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല., അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും,'- ആദിത്യനാഥ് എക്സില്‍ കുറിച്ചു. സിംഗ്പൂര്‍ ബ്ലോക്കിലെ പന്‍ഹോണ കോമ്പോസിറ്റ് സ്‌കൂളിലാണ് സുനില്‍ അധ്യാപകനായി ജോലി ചെയ്യുന്നത്. 2020ല്‍ അധ്യാപകനാകുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് പൊലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Similar News