പോർഷെ കാർ അപകടക്കേസ് ; പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ ഡോക്ടർമാർ രക്തസാമ്പിൾ മാറ്റി , ഡോക്ടർമാർ അറസ്റ്റിൽ

Update: 2024-05-27 05:33 GMT

പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്. ഇവർ രക്തസാംപിൾ മാറ്റി പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഡോക്ടർമാർ രക്ത സാംപിളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്.

അതേസമയം, പൂനെയിൽ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട് ഐടി ജീവനക്കാ‌ർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ പ്രതിയുടെ മുത്തച്ഛൻ നി‌ബന്ധിച്ചുവെന്ന കുടുംബ ഡ്രൈവറുടെ പരാതിയിലായിരുന്നു അറസ്റ്റ്. അപകടം നടന്നതിനു പിന്നാലെ ഡ്രൈവറെ പ്രതിയുടെ മുത്തച്ഛനും അച്ഛനും വീട്ടിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു. ഡ്രൈവറുടെ ഫോൺ ബലമായി പിടിച്ചുവയ്ക്കുകയും കുറ്റം ഏൽക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവറുടെ പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയാതാണ് പൊലീസ് അന്വേഷണം.

നേരത്തെ പിടിയിലായ പതിനേഴുകാരന്റെ അച്ഛൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യം റദ്ദാക്കപ്പെട്ട പതിനേഴുകാരൻ അടുത്തമാസം അഞ്ചുവരെ ജുവൈനൈൽ ഹോമിൽ തുടരും. അപകടം നടന്ന ഉടൻ വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് ഐയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു. മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് ഐ ടി ജീവനക്കാരാണ് മരിച്ചത്. പിന്നാലെ പ്രതിയ്ക്ക് അതിവേഗം ലഭിച്ച ജാമ്യവും ജാമ്യ വ്യവസ്ഥകളും പ്രതിഷേധത്തിനിടയാക്കിരുന്നു. 

Tags:    

Similar News