ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കി; ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി
ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. മഹേശ്വർ കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസായ ഒരു മകനുമുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി റീൽ വീഡിയോകൾ ചെയ്തിരുന്നു. ഇവർക്ക് 9,500ലധികം ഫോളോവേഴ്സ് ഉണ്ട്. 500ലധികം റീൽസ് വീഡിയോയും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്ന മഹേശ്വർ ഇതിനെ എതിർത്തിരുന്നു. റീൽസിന്റെ പേരിൽ നിരന്തരം ഇവർ തമ്മിൽ വഴക്കിടുന്നത് പതിവായി. ഭാര്യയുടെ വീട്ടിലാണ് മഹേശ്വർ താമസിച്ചിരുന്നത്.
സംഭവ ദിവസവും ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതിയും വീട്ടുകാരും ചേർന്ന് മഹേശ്വറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി കൊൽക്കത്തയിൽ നിന്ന് മഹേശ്വറിന്റെ സഹോദരൻ വിളിച്ചപ്പോൾ മറ്റൊരാളാണ് കോളെടുത്തത്. തുടർന്ന് സഹോദരനും പിതാവും സ്ഥലത്തെത്തിയപ്പോഴാണ് മഹേശ്വറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ റാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.