കാണ്‍പൂരില്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകൾ വൈറലായതിനെ തുടർന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തനായ് ചൗരസ്യ, അഭിഷേക് കുമാർ വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാൻ കാൺപൂരിൽ എത്തിയതായിരുന്നു. തുടർന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയർ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടു. അവര്‍ ഓൺലൈൻ വാതുവെപ്പ് ഗെയിം കളിക്കാൻ 20,000 രൂപ നൽകി. പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് 2 ലക്ഷം രൂപ നല്‍കണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണം തിരികെ കൊടുക്കാതിരുന്നപ്പോള്‍ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് തുടർച്ചയായി മർദിക്കുകയായിരുന്നു. വിദ്യാർഥിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ മുടി കത്തിക്കാന്‍ ശ്രമിക്കുന്നതും നഗ്നനാക്കി സ്വകാര്യ ഭാഗത്ത് ഇഷ്ടിക കൊണ്ടു കെട്ടുന്നതും വീഡിയോയിലുണ്ട്.
ദിവസങ്ങളോളം പീഡനം തുടർന്നു, തുടർന്ന് വിദ്യാർത്ഥി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ഇറ്റാവയിലെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് പ്രതികളെ താക്കീത് ചെയ്തു വിട്ടയക്കുകയാണ് ചെയ്തതെന്ന് കുടുംബം ആരോപിച്ചു. മേയ് 4ന് വിദ്യാര്‍ഥിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടർന്ന് കാൺപൂർ പൊലീസ് നടപടിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികള്‍ ഒരു സംഘം രൂപീകരിച്ച് ഒരു ഫ്ലാറ്റിൽ താമസിക്കുകയും നിരപരാധികളായ വിദ്യാർഥികളെ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.