ഒന്നര വയസ്സുള്ള സ്വന്തം മകൻ ആഷിനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്‌സമ്മയ്ക്ക് (സുനിത–35) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ ഫസ്റ്റ് അഡീഷനൽ ജഡ്ജി നിക്‌സൻ എം.ജോസഫാണു ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. മകനെ കൊന്നശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്‌സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതെപ്പറ്റി വിൻസന്റും ജയ്സമ്മയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു മുറിയിൽ കയറി വാതിലടച്ചു കിടന്ന ജയ്സമ്മ പുലർച്ചെ 4ന് ആഷിനെ കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ചെന്നാണു കേസ്. ഇവർക്ക് ഒരു കുട്ടി കൂടിയുണ്ട്.