കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ കാപ്സ്യൂളുകൾ വിഴുങ്ങി ; യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി

Update: 2024-06-24 05:43 GMT

കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ കടത്തിയ കേസിൽ പ്രതികളുടെ വയറ്റിൽ നിന്ന് തൊണ്ടിമുതൽ ശേഖരിക്കാനുളള ശ്രമം തുടരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ട് ടാൻസാനിയൻ സ്വദേശികളെയാണ് ഈ മാസം 16ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താനാണ് ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവർ ശ്രമിച്ചത്.

പിടിയിലായ ഉടൻ പ്രതികളെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്‌സ്യൂളുകൾ കുറച്ച് ദിവസം കൊണ്ട് പുറത്തെടുത്തു. 1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. എന്നാൽ, വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്‌സ്യൂളുകൾ മാത്രമേ പുറത്തെടുക്കാൻ സാധിച്ചുളളൂ. 1.800 കിലോഗ്രാം കൊക്കെയ്നാണ് പുറത്തെടുത്ത കാപ്‌സ്യൂളുകളിലുണ്ടായിരുന്നത്. ആകെ 3.745 ഗ്രാം കൊക്കെയ്നാണ് പ്രതികളുടെ വയറ്റിൽ നിന്നും ശേഖരിച്ചത്. ബാക്കിയുള്ളവ പുറത്തെടുക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഒമാറിയെ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു. എത്യോപ്യയിൽ നിന്ന് ദോഹ വഴി ഇൻഡിഗോ വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് വിശദമായ സ്‌കാനിംഗിന് വിധേയമാക്കിയപ്പോൾ പ്രതികൾ വയറ്റിൽ ലഹരി ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

ക്യാപ്സ്യൂൾ രൂപത്തിലാക്കി പ്‌ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞാണ് ലഹരി വിഴുങ്ങിയിരുന്നത്. മുൻപും ടാൻസാനിയൻ സ്വദേശികൾ കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.

Tags:    

Similar News