ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം ചെയ്ത് നൽകി; തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

Update: 2024-03-26 08:55 GMT

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമലയെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ നൽകി സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള അക്കൗണ്ട് ഉടമകളുടെ ബാങ്ക് വിവരങ്ങളിലുള്ള ഫോൺ നമ്പർ മാറ്റി ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് നൈജീരിയൻ സ്വദേശികൾ പണം അപഹരിച്ചത്. ഈ പണം ഐ എം പി എസ് ട്രാൻസ്ഫർ വഴി വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്ത കേസിലെ പ്രതികൾ ബാങ്ക് അക്കൗണ്ടുകളും സിം കാർഡും ഉപയോഗിച്ചത് വിമലയുടെ പഴയ വിലാസത്തിലാണ്. മലപ്പുറം സൈബർ ക്രൈം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മലപ്പുറം ഡിവൈഎസ്പി ടി മനോജ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ സി ചിത്തരഞ്ജൻ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐമാരായ അബ്ദുൽ ലത്തീഫ്, നജ്മുദീൻ, എഎസ്ഐ റിയാസ് ബാബു, സിപിഒമാരായ ധനൂപ്, രാജരത്‌നം, ദിൽഷ, സിനിമോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    

Similar News