ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച 17 കാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

Update: 2024-02-14 09:43 GMT

ഉത്തർപ്രദേശിൽ ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മകൾ സന്ധ്യ സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പിതാവ് പ്രഹ്‌ളാദ് കുമാറാണ് പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹപാഠി ഇതരജാതിക്കാരനായതിനാൽ കുമാർ പ്രണയബന്ധത്തെ എതിർത്തിരുന്നു. പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്ധ്യ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രഹ്‌ളാദ് മഫ്‌ളർ ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10 ന് ഷൊഹ്റത്ഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖരഗ്വാർ ഗ്രാമത്തിലെ ഒരു പൂന്തോട്ടത്തിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയതായി സിദ്ധാർത്ഥ നഗർ പൊലീസ് സൂപ്രണ്ട് പ്രാചി സിംഗ് പറഞ്ഞു. മകളുടെ മൃതദേഹം മാതാവ് തിരിച്ചറിയുകയും സന്ധ്യയെ കാമുകൻ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സുഹൃത്തായ അങ്കിത് ഉപാധ്യയക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.

'ഞങ്ങൾ അവളുടെ ശരീരത്തിന് സമീപം കുറച്ച് വേവിച്ച അരി കണ്ടെത്തി, പെൺകുട്ടിയുടെ അമ്മ അത് അവളുടെ കാമുകൻ മയക്കുമരുന്ന് ചേർത്ത് നൽകിയതാകാമെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ആൺകുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തി' സിംഗ് വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസിന് മനസിലായി. ഇതിനെ തുടർന്ന് അങ്കിതിനെ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഭർത്താവ് എവിടെയാണെന്ന് സന്ധ്യയുടെ അമ്മയോട് ചോദിച്ചപ്പോൾ പ്രഹ്‌ളാദ് കുമാർ ഡൽഹിയിലാണെന്നാണ് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ലഖ്‌നൗവിലാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പ്രഹ്‌ളാദിനെ പിടികൂടുകയായിരുന്നു. മകളുടെ പ്രണയം താൻ എതിർത്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രഹ്‌ളാദ് സമ്മതിച്ചു. സമൂഹത്തിലെ തൻറെ നിലയെയും കുടുംബത്തിൻറെ സൽപ്പേരിനെയും ബാധിക്കുമെന്ന ഭയം മൂലമാണ് മകളെ കൊന്നതെന്ന് പ്രഹ്‌ളാദ് പറഞ്ഞു.

''ആ കുട്ടിയെ ഇനി കാണരുതെന്ന് ഞാൻ അവളോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത് അവളുടെ ജീവിതമാണെന്നും അത് അവളുടെ രീതിയിൽ ജീവിക്കുമെന്നും പറഞ്ഞ് അവൾ നിരസിച്ചു.ഇതിൽ ദേഷ്യം വന്ന ഞാൻ അവളുടെ കഴുത്തിൽ ഒരു മഫ്‌ലർ കൊണ്ട് ചുറ്റി ഞെരിച്ചു കൊന്നു. കാമുകൻ വിഷം കൊടുത്തതാണെന്ന് വരുത്തിത്തീർക്കാൻ ചോറും വിഷവും മൃതദേഹത്തിന് സമീപം വച്ചു. പിന്നീട് ഞാൻ ലഖ്‌നൗവിലേക്ക് പോയി'' പ്രഹ്‌ളാദ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച മഫ്ളർ പൊലീസ് കണ്ടെടുത്തു. പ്രതി ഇപ്പോൾ ജയിലിലാണ്.

Tags:    

Similar News