ഇടുക്കി മൂലമറ്റത്ത് കുടുംബവഴക്കിനെ തുടർന്ന് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരൻ, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അജേഷ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെയാണ് സംഭവം. പത്ത് മണിയോടെ കുമാരന്റെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിലാണ് കുമാരനെ കണ്ടെത്തിയത്. കട്ടിലിനടിയിൽ ഗുരുതര പരിക്കുകളോടെ ഭാര്യ തങ്കമണിയെയും കണ്ടെത്തി.
തുടർന്ന് കാഞ്ഞാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. തങ്കമണിയെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളിയിൽ താമസിക്കുന്ന മകൻ ഇന്നലെ രാത്രി ചേറാടിയിലെ വീട്ടിൽ ഉണ്ടായിരുന്നു.ഇവർ തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
കുടുംബവഴക്കിനെ തുടർന്ന് അജേഷാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.