20കാരനെ കണ്ണ് ചൂഴ്‌ന്നെടുത്ത്, കഴുത്തുഞെരിച്ച് കൊന്നു; അരുംകൊല 500 രൂപയെച്ചൊല്ലി

Update: 2024-01-12 10:32 GMT

500 രൂപയെച്ചൊല്ലി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. രണ്ടു കണ്ണും ചൂഴ്‌ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹൻകുമാർ എന്ന ചോതക് ആണു ക്രൂരകൃത്യത്തിനിരയായതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാർട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരൻ രാധാ സിങ് വെളിപ്പെടുത്തി.

രാത്രി ഏറെ വൈകിയിട്ടും തിരിച്ചുവരാതായതോടെ സംശയം തോന്നി ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഒടുവിൽ പിറ്റേന്നു രാവിലെ നാട്ടിലെ ഒരു കൃഷിസ്ഥലത്ത് സഹോദരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് രാധാ സിങ് പറഞ്ഞു. രണ്ടു കണ്ണും ചൂഴ്ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. കഴുത്തിൽ പാടുകളുമുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഭോജ്പൂർ എസ്.പി പ്രമോദ് കുമാർ അറിയിച്ചു. ഇവർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News