അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്ത്; മുൻ സൈനികൻ അറസ്റ്റിൽ

Update: 2024-02-06 13:43 GMT

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്‌വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.

ജനുവരി അവസാന വാരമാണ് നിയന്ത്രണ രേഖയ്‌ക്കപ്പുറത്ത് നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ കുപ്‌വാര പൊലീസ് തകർത്തത്. കുപ്‍വാരയിലെ കർണാ മേഖലയിൽ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോൾ അറസ്‌റ്റിലായ റിയാസ് അഹമ്മദ് എന്നാണ് വിവരം.

പുലർച്ചെ ഒന്നാം എക്സിറ്റ് ഗേറ്റ് വഴി രക്ഷപ്പെടാൻ ശ്രമിച്ച റിയാസ് അഹമ്മദിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇയാൾക്കൊപ്പം സുഹൃത്തായ മറ്റൊരു മുൻ സൈനികൻ കൂടിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. 2023 ജനുവരി 31ന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ആളാണ് റിയാസ് അഹമ്മദ്.

Tags:    

Similar News