ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

Update: 2023-09-20 09:57 GMT

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്.

സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാളെ പിടികൂടി. തുടർന്ന് മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.താനും സഹോദരനും ചേർന്ന് ജ്വല്ലറി നടത്തിയിരുന്നതായി ഇന്ദ്രജിത് പത്ര ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.

രംഖട്ടില്‍ നിന്ന് ബന്‍ഗോണിലേക്ക് സ്വര്‍ണം എത്തിച്ചാല്‍ പ്രതിമാസം 15,000 രൂപ നല്‍കാമെന്ന് സമീര്‍ എന്നയാള്‍ വാഗ്ദാനം ചെയ്തെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞു. സമീര്‍ നല്‍കിയ സ്വര്‍ണമാണ് താന്‍ ബൈക്കിന്‍റെ എയര്‍ ഫില്‍ട്ടറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്നും ഇന്ദ്രജിത് പത്ര വ്യക്തമാക്കി. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറി. പിടികൂടിയ സ്വർണവും നിയമ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. 

Tags:    

Similar News