അലൻ വാക്കറുടെ സം​ഗീതനിശയിൽ മോഷണം; 35 സ്മാർട്ട് ഫോണുകൾ നഷ്ടമായി

Update: 2024-10-08 05:31 GMT

കഴിഞ്ഞ ദിവസം ബോൾ​ഗാട്ടി പാലസിൽ നടന്ന ഡിജെ അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. ഇതിൽ രണ്ട് പരാതികളിൽ പൊലീസ് കേസെടുത്തു.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മന:പൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോ​​ഗമിക്കുകയാണ്.

പൊലീസ് സുരക്ഷയ്ക്കൊപ്പം തന്നെ സംഘാടകർ ഒരുക്കിയ സുരക്ഷാസംഘവും സം​ഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സം​ഗീതനിശ അരങ്ങേറിയത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 ന​ഗരങ്ങളിൽ നടത്തുന്ന സം​ഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

Tags:    

Similar News