ആലപ്പുഴ ചെട്ടികുളങ്ങര കൊലപാതകം; ഒളിവിൽ പോയ രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ

Update: 2023-07-10 15:07 GMT

ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിലാണ് രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിലാകുന്നത്. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ചിങ്കു എന്ന് വിളിക്കുന്ന ശ്രീകുമാറാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ശ്രീശൈലം എന്ന വിലാസത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.

1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി ചെട്ടികുളങ്ങര കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്,ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

മരണവിവരം അറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോയി. മാവേലിക്കര പോലീസ് കൊലപാതക കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികൾ നേരിട്ടിരുന്നു. ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡീഷണൽ ഡിസ്ട്രിക് ആന്റ് സെഷൻസ്-1 കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മറ്റ് പ്രതികളുടെ വിചാരണ നടത്തിയിരുന്നു.

ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശ്രീകുമാറിന്റെ നാട്ടിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഇയാൾ ഒളിവിൽ പോയി താമസിച്ചിരുന്ന മംഗലാപുരം,മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസ് എത്തും മുൻപ് ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് പ്രതി കോഴിക്കോട് ജില്ലയിലെത്തി ഹോട്ടൽ ജോലിയും കല്പണിയും ചെയ്തു താമസിക്കുന്നുവെന്ന് വിവരം ലഭിച്ചത്. ഈ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ശ്രീകുമാറിനെ ചൊവ്വാഴ്ച മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കും.

Tags:    

Similar News